ശ്രീറാം വെങ്കിട്ടരാമന്‍റെ കലക്ടർ നിയമനം; സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം
text_fieldsആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്നകേസിലെ 'പ്രതി'യെ കലക്ടറായി നിയമിച്ചതിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി കമന്‍റുകളാണ് നിറയുന്നത്. തെറ്റുചെയ്യുന്നവനെ ശിക്ഷ കൊടുക്കാൻ അറിയാത്ത മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെന്നും വിമർശിക്കുന്നു. മുൻമന്ത്രി എം.എം. മണിയുടെ പഴയപോസ്റ്റ് ചിലർ കുത്തിപ്പൊക്കിയപ്പോൾ, രാത്രി റോഡിലിറങ്ങുമ്പോൾ ആലപ്പുഴക്കാർ ശ്രദ്ധിക്കുന്നത് നല്ലതാണെന്ന പരിഹാസവുമുണ്ട്.
ശ്രീറാമിന്‍റെ ഭാര്യയും കലക്ടറുമായ ഡോ. രേണുരാജിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലും വിമർശനത്തിന് കുറവില്ല. ശ്രീറാമിന്‍റെ നിയമന ഉത്തരവിറങ്ങിയതിന് പിന്നാലെ കലക്ടർ ഡോ. രേണുരാജ് പങ്കുവെച്ചത്, 'ഐഡിയ ഉണ്ടോ, അവാർഡ് നേടാം' എന്ന തലക്കെട്ടിൽ യൂത്ത് ഇന്നവേഷൻ അവാർഡ് -2022നെക്കുറിച്ചാണ്. ഇതിനുതാഴെയാണ് ആക്ഷേപ കമന്‍റുകൾ. മദ്യപിച്ച് വാഹനം ഓടിച്ച് ആളുകളെ കൊല്ലുന്നവന്മാരെ പിടികൂടാൻ പറ്റുന്ന വല്ല ഐഡിയയും ഉണ്ടോ? എന്നതായിരുന്നു ഒരുചോദ്യം. 'കള്ളുകുടിച്ച് ഒരുമാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന ഒരാളിൽ വിശ്വസം അർപ്പിക്കാൻ ആലപ്പുഴക്കാർക്ക് കഴിയുമെന്ന് കരുതുന്നില്ല, അപമാനമാണ് ഈ നിയമന'മെന്ന് മറ്റൊന്ന്.
മുൻ മന്ത്രി എം.എം. മണിയുടെ പഴയപോസ്റ്റ് ചിലർ കുത്തിപ്പൊക്കി. ''അപകടത്തിനുശേഷം അതിന്‍റെ ഉത്തരവാദിത്തം അപകടത്തിന് ഉത്തരവാദിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരുമഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്.
ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരുപരിഗണനയും ലഭിക്കില്ല.
അങ്ങനെ തന്നെയാണ് സർക്കാർ സമീപനം''-2019 ആഗസ്റ്റ് മൂന്നിന് എം.എം. മണി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇതായിരുന്നു.
കമ്യൂണിസ്റ്റുകാരായ ചിലരുടെ പരസ്യവിയോജിപ്പും എഴുത്തിലുണ്ട്. ''കമ്യൂണിസം ഉണ്ടാക്കാൻ വേണ്ടി ഏറ്റവും അധികം ജനങ്ങൾ മരിച്ച് കഷ്ടപ്പെട്ട സ്ഥലമാണ് ആലപ്പുഴ. അവിടെത്തന്നെ ഈ ചതി ചെയ്തത് വളരെയധികം കമ്യൂണിസ്റ്റുകാരനെ വേദനിപ്പിക്കുന്നത് തന്നെയാണ്'' -എന്നതാണ് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.