ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനം: സർക്കാറിനോട് ഇടഞ്ഞ് കാന്തപുരം വിഭാഗം
text_fieldsകോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച വിഷയത്തിൽ സർക്കാറിനോട് ഇടഞ്ഞ് സുന്നി കാന്തപുരം വിഭാഗം. സുന്നി യുവജന സംഘം പ്രവർത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തുടക്കം മുതൽ കാന്തപുരം വിഭാഗം ശക്തമായ നിലപാടിലാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസിൽനിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു.
എന്നാൽ, ഈ പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കലക്ടറായി നിയമിച്ച നടപടി കനത്ത തിരിച്ചടിയായി. ഇടതു സർക്കാറിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘടനയെന്ന നിലയിൽ എതിരാളികളിൽനിന്നുള്ള പരിഹാസം ഏറ്റുവാങ്ങേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് സംഘടനയുടെ തീരുമാനം. ശനിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തുന്ന കലക്ടറേറ്റു മാർച്ച് ഇതിന്റെ ഭാഗമാണ്. ബഹുജന സംഘടനയെന്ന നിലയിൽ കേരള മുസ്‍ലിം ജമാഅത്തിന്റെ ബാനറിലാണ് മാർച്ച് സംഘടിപ്പിക്കുന്നതെങ്കിലും എസ്.വൈ.എസിന്റെയും സുന്നി പ്രവർത്തകരുടെയും സജീവ പങ്കാളിത്തമുണ്ടാകും. മാർച്ച് സർക്കാറിന് കനത്ത താക്കീതായി മാറണമെന്നാണ് നേതൃത്വം അണികൾക്ക് നൽകിയ നിർദേശം.
കാന്തപുരം അബൂബക്കർ മുസ്‍ലിയാർ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കലക്ടർസ്ഥാനത്തുനിന്ന് മാറ്റുന്നതിൽ കവിഞ്ഞ് ഒന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്നാണ് അദ്ദേഹം നൽകിയ സന്ദേശം. കെ.എം. ബഷീർ വധക്കേസിൽ തങ്ങളുടെ പ്രതിഷേധം അവഗണിച്ച് സർക്കാർ എടുത്ത തീരുമാനം അഭിമാനപ്രശ്നമായാണ് സംഘടന കാണുന്നത്.
വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‍ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോൾ പരോക്ഷമായി സർക്കാറിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്.
അതേസമയം, വിഷയത്തിൽ ആദ്യം പ്രതിഷേധത്തിനിറങ്ങി മുഖ്യമന്ത്രിയോട് ഉറപ്പ് വാങ്ങുകയും പിന്നീട് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവുകയും ചെയ്തത് ഇ.കെ വിഭാഗത്തിന്റെ നേട്ടമായി അവതരിപ്പിക്കപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ സർക്കാറിനൊപ്പം നിന്നിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന വികാരം കാന്തപുരം വിഭാഗത്തിനുണ്ട്.
മറ്റു സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സമുദായ സംഘടനകളുമായും മത മേലധ്യക്ഷന്മാരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുന്ന സർക്കാർ കെ.എം. ബഷീർ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച് തങ്ങളെ കൊഞ്ഞനംകുത്തുകയായിരുന്നുവെന്നാണ് കാന്തപുരം വിഭാഗത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.