നിയമനം നേടിയയുടൻ എ.ഡി.എമ്മിന് മെമ്മോ നൽകി കലക്ടർ
text_fieldsകണ്ണൂർ: കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച എ.ഡി.എം കെ. നവീൻബാബുവിനോടും അത്ര നല്ല നിലക്കല്ല കലക്ടർ അരുൺ കെ. വിജയൻ പെരുമാറിയതെന്ന് പരാതി. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ കാസർകോടുനിന്ന് കണ്ണൂരിൽ എത്തിയ എ.ഡി.എം ഒരുദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടി നിയമനം നേടിയ ദിവസംതന്നെ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷണർക്ക് മെയിൽ ചെയ്ത് അനുമതി തേടിയശേഷമാണ് നോട്ടീസ് നൽകിയത്. കലക്ടറുടെ സന്തതസഹചാരിയായി പ്രവർത്തിക്കേണ്ട എ.ഡി.എമ്മിനാണ് ജോയിൻ ചെയ്ത ദിവസംതന്നെ നോട്ടീസ് നൽകിയതെന്ന വിവരം ജീവനക്കാരെ ഞെട്ടിച്ചു. അന്ന് വൈകിയെത്തിയ മറ്റൊരു ഡെപ്യൂട്ടി കലക്ടർക്കും കിട്ടി നോട്ടീസ്.
പിന്നീട് നോട്ടീസ് ഒന്നും നൽകിയില്ലെങ്കിലും പല ഘട്ടത്തിലും നിസ്സാര കാര്യങ്ങൾക്കുപോലും കലക്ടർ ഉടക്കി. കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് അരുൺ കെ. വിജയൻ കണ്ണൂർ കലക്ടറായി ചുമതലയേറ്റത്. മാസങ്ങൾക്കകം ഭൂരിപക്ഷം ജീവനക്കാരും അദ്ദേഹവുമായി ഉടക്കി. ഫയലിലെ സംശയങ്ങൾക്കോ മറ്റോ ജീവനക്കാർ ചേംബറിൽ വരുന്നത് ആദ്യംതന്നെ വിലക്കി. ജൂനിയർ സൂപ്രണ്ടിൽ കുറഞ്ഞ ഒരാളും തന്നെ വന്നുകാണരുതെന്ന് ഒടുവിൽ നിർദേശംതന്നെ നൽകി.
സംസ്ഥാനത്ത് ഒരിടത്തും ഇത്തരമൊരു അപ്രഖ്യാപിത വിലക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ ഉൾപ്പെടെ നിരവധി ജീവനക്കാർക്ക് പലകാരണങ്ങളാൽ നോട്ടീസ് നൽകി.
കലക്ടർ നല്ല നിലക്കല്ല പെരുമാറിയിരുന്നതെന്ന വിവരം നവീൻബാബുവിന്റെ ഭാര്യക്കും അറിയാമായിരുന്നു. അക്കാരണത്താൽ അവർ മുൻകൈയെടുത്താണ് മൃതദേഹം കാണാൻ കലക്ടർ വീട്ടിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടത്. പത്തനംതിട്ട കലക്ടറേറ്റ് ജീവനക്കാരെയാണ് ഈ വിവരം അറിയിച്ചത്.
തുടർന്നാണ് എ.ഡി.എമ്മിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കഴിയാതെ കണ്ണൂർ കലക്ടർക്ക് പത്തനംതിട്ട കലക്ടറേറ്റ് വരെ പോയി മടങ്ങേണ്ടിവന്നത്.
എ.ഡി.എമ്മുമായി മികച്ച സൗഹൃദം പാലിക്കാതിരുന്ന കലക്ടറുടെ സാന്നിധ്യത്തിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയതോടെയാണ് കലക്ടറുടെ നീക്കത്തിൽ ഗൂഢാലോചന സംശയിച്ച് കുടുംബം രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.