'ആ തീരുമാനം ഇന്ന്'; രാജി അഭ്യൂഹമുയർത്തി എന്‍. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
text_fieldsഎന്‍. പ്രശാന്ത് ഐ.എ.എസ്
കൊച്ചി: ഇന്ന് പ്രധാന തീരുമാനമെടുക്കുമെന്ന അറിയിപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. ഐ.എ.എസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ സര്‍വിസില്‍നിന്നും രാജി സമര്‍പ്പിച്ചേക്കുമോയെന്ന് വരെ അഭ്യൂഹങ്ങളുണ്ട്.
പോസ്റ്റിനൊപ്പം കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. 'സംതിങ് ന്യൂ ലോഡിങ്' എന്ന ഹാഷ് ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. സിവില്‍ സര്‍വിസിലെ ഏറ്റവും അടുപ്പക്കാരായ ആളുകള്‍ വിളിച്ചിട്ടും പ്രശാന്ത് ഫോൺ എടുക്കുകയോ പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനായതിനാല്‍ തന്നെ പുതിയ പോസ്റ്റിലും നിരവധി ചര്‍ച്ചകള്‍ നടക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് എൻ. പ്രശാന്ത് സസ്പെൻഷനിലായത്. നവംബര്‍ 11നായിരുന്നു സസ്പെൻഷൻ. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവിസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു.
'കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട', 'തീരുമാനങ്ങൾ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ' എന്നെല്ലാം ചിലർ ഉപദേശിക്കുമ്പോൾ ഏപ്രില്‍ ഒന്നായ ഇന്ന് അദ്ദേഹം ഏപ്രില്‍ ഫൂളാക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ ഇതെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. 'നിരാശയുണ്ടാക്കുന്നത്' എന്നാണ് പോസ്റ്റിൽ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം കമന്‍റിട്ടത്.
ഐ.എ.എസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായി എന്‍. പ്രശാന്ത് അടുത്ത കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുകയും ചെയ്തിരുന്നു.
ദീര്‍ഘകാലമായി സംസ്ഥാന സര്‍ക്കാരുമായി പ്രശാന്ത് അകല്‍ച്ചയിലാണ്. ജയതിലകിനെതിരായ പരസ്യവിമര്‍ശനങ്ങളാണ് പ്രശാന്തിനെതിരെ അച്ചടക്ക നടപടിയിലേക്കെത്തിച്ചത്. ആറുമാസമായി പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള റിവ്യൂ കമ്മിറ്റി പ്രശാന്തിനെതിരെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി ആയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.