കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ്; പ്രതികളുടെ മൊഴി രേഖപ്പെടുത്തി
text_fieldsകൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ വിചാരണയുടെ ഭാഗമായി നാല് പ്രതികളുടെയും മൊഴി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രേഖപ്പെടുത്തി. ബേസ് മൂവ്മെന്റ് പ്രവർത്തകരും തമിഴ്നാട് സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് കേസിലെ പ്രതികൾ.
നാലു പേരെയും ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ നേരിട്ട് ഹാജരാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷി മൊഴികൾ സംബന്ധിച്ചാണ് പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തിയത്.
സാക്ഷിമൊഴി ഉൾപ്പെടുന്ന 50ഓളം പേജുകളുള്ള ചോദ്യങ്ങൾക്ക് പ്രതികൾ ഉത്തരം നൽകി. എല്ലാ ചോദ്യത്തിനും അറിയില്ല എന്നായിരുന്നു പ്രതികൾ നൽകിയ മറുപടി. വിചാരണ നടപടി വൈകിട്ട് അഞ്ചര വരെ നീണ്ടു. കേസ് വീണ്ടും 21ന് പരിഗണിക്കും. കൊല്ലത്ത് സ്ഫോടനം നടന്നപ്പോൾ തങ്ങൾ എൻ.ഐ.എ കസ്റ്റഡിയിലായിരുന്നു എന്നാണ് പ്രതികളുടെ വാദം.
ഇത് സംബന്ധിച്ച രേഖ കോടതിയിൽ സമർപ്പിച്ചു. സമാനകേസിൽ ചിറ്റൂരിൽ കുറ്റവിമുക്തരാക്കപ്പെട്ടതിന്റെ വിധിപ്പകർപ്പും സമർപ്പിച്ചിട്ടുണ്ട്. അടുത്ത വിചാരണദിനമായ 21ന് പ്രതിഭാഗത്തിന് തെളിവുകൾ ഹാജരാക്കാൻ കോടതി സമയം നൽകി.
2016 ജൂൺ 15ന് ആണ് കലക്ടറേറ്റ് കോമ്പൗണ്ടിൽ മുൻസിഫ് കോടതിക്ക് സമീപം ജീപ്പിൽ സ്ഫോടനം നടന്നത്. സാബു എന്ന പൊതുപ്രവർത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൈസൂർ കോടതിയിലെ സമാന സ്ഫോടനക്കേസിലെ അന്വേഷണത്തിനിടയിലാണ് പ്രതികൾക്ക് കൊല്ലത്തെ സ്ഫോടനത്തിലെ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷൻ 63 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. 109 രേഖയും 24 തൊണ്ടിമുതലും ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.