കലാലയ രാഷ്ട്രീയം : നേതൃത്വം പക്വത കാണിക്കണമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ
text_fieldsകൊച്ചി: കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത രാഷ്ട്രീയ നേതൃത്വം കാണിക്കണമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ. കലാലയങ്ങളിലെ ജനാധിപത്യ അന്തരീക്ഷവും, അക്കാദമിക് സ്വാതന്ത്ര്യവും സംരക്ഷിക്കാനായി എറണാകുളം അച്യുതമേനോൻ ഹാളിൽ ആൾ ഇന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി വിളിച്ചുചേർത്ത ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഭിന്നിപ്പി ന്റെയും പരസ്പര വൈര്യത്തി ന്റെയും ഇരുൾപരക്കുന്ന കാലമാണിത്. ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കേണ്ട ഇടമാണ് കാമ്പസുകൾ. മഹാരാജാസ് പോലെയുള്ള കോളജുകളെ അക്രമത്തിൻ്റെയും ജനാധിപത്യ നിഷേധത്തിൻ്റെയും കേന്ദ്രങ്ങളാക്കി ചിലർ മാറ്റുന്നത് സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കാനുള്ള രാഷ്ട്രീയ പക്വതയില്ലായ്മ മൂലമാണ്.
അക്കാദമികവും സംഘടനാപരവുമായ സ്വാതന്ത്ര്യമാണ് കലാലയങ്ങളിൽ സർഗാത്മക ചിന്തകളുടെ വേലിയേറ്റം സൃഷ്ടിക്കുന്നതെന്ന് ബന്ധപ്പെട്ടവർ മറക്കരുത്. ആശാസ്യമല്ലാത്ത പ്രവണതകൾ ഫലത്തിൽ കലാലയങ്ങളിൽ സമ്പൂർണ ജനാധിപത്യ നിഷേധത്തിനുള്ള വഴിയൊരുക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സംസ്കാര രാഹിത്യത്തിന്റെയും ഭിന്നിപ്പിന്റെയും കേന്ദ്രങ്ങളായി കലാലയങ്ങളെ അതു മാറ്റും. വിഷയത്തിന്റെ ഗൗരവം മനസിലാക്കി പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
പരിപാടിയിൽ പ്രഫ.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പ്രഫ.കെ. അരവിന്ദാക്ഷൻ ചെയർമാനും ഫ്രാൻസിസ് കളത്തുങ്കൽ കൺവീനറുമായുള്ള കലാലയ സംരക്ഷണ സമിതിക്ക് കൺവൻഷൻ രൂപം നൽകി. ജസ്റ്റിസ് കെ. സുകുമാരൻ, ഡോ കെ. ബാബു ജോസഫ്, എം. ഷാജർഖാൻ, ഡോ. വിൻസൻറ് മാളിയേക്കൽ, ഡോ. മേരി മെറ്റിൽഡ, ഡോ. പി.എസ്. അജിത, ഇബ്രഹിംഖാൻ, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ, അഡ്വ. ലിജു വി. സ്റ്റീഫൻ, അഡ്വ. സാജൻ മണ്ണാലി, പ്രൊഫ: കെ. പ്രസന്ന, അഡ്വ.ടി.എം. ജവഹർ, അൻ്റണി ജോസഫ്, വൽസല ദേവി, അഡ്വ. ഇ.എൻ. ശാന്തിരാജ് കെ.ഒ. സുധീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.