കോളജ് പ്രിൻസിപ്പൽ നിയമനം;ഭരണാനുകൂല സംഘടന ആവശ്യപ്പെട്ടതും മന്ത്രി നടപ്പാക്കിയതും ഒന്ന്
text_fieldsതിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി തയാറാക്കുകയും ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത അന്തിമ പട്ടിക കരട് പട്ടികയാക്കാനുള്ള മന്ത്രിയുടെ നിർദേശവും ഭരണാനുകൂല കോളജ് സംഘടനയുടെ ആവശ്യവും സമാനമെന്ന് രേഖകൾ. 43 പേരുടെ പട്ടിക സംബന്ധിച്ച് 2022 ജൂൺ 27ന് എ.കെ.ജി.സി.ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് പരാതി സമർപ്പിച്ചിരുന്നു. പരാതി ലഭിച്ച മന്ത്രി അടിയന്തരമായി പരിശോധിച്ച് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശവും നൽകി.
എ.കെ.ജി.സി.ടി നൽകിയ കത്തിലാണ് സെലക്ഷൻ നടത്തുമ്പോൾ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാതി പരിഹരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് സമാനമായ നിർദേശമാണ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക അടങ്ങിയ ഫയൽ സമർപ്പിച്ചപ്പോൾ മന്ത്രി ഫയലിൽ രേഖപ്പെടുത്തിയത്. അന്തിമ പട്ടികയായി സമർപ്പിച്ചത് കരട് പട്ടികയാക്കി പ്രസിദ്ധീകരിക്കാനും പരാതി പരിഹരിക്കാൻ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും മന്ത്രി ഫയലിൽ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിയമനത്തിനുള്ള പട്ടിക കരട് പട്ടികയാക്കി പ്രസിദ്ധീകരിച്ചതും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള നടപടികളെടുത്തതും. കോളജ് പ്രിൻസിപ്പൽ നിയമന നടപടികൾ സംബന്ധിച്ചുള്ള യു.ജി.സി റെഗുലേഷന് വിരുദ്ധമായ നടപടികളാണ് പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടന്നത്.
യു.ജി.സി മാനദണ്ഡ പ്രകാരം അന്തിമ തീരുമാനം പറയേണ്ടത് കമ്മിറ്റിയിലെ വിഷയ വിദഗ്ധരാണെന്നും ഇൻറർവ്യൂ സമയത്ത് വിഷയവിദഗ്ധ സമിതി അംഗീകരിച്ചവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എ.കെ.ജി.സി.ടിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയവിദഗ്ധൻ നൽകിയ പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഏകപക്ഷീയമായി തിരുത്തിയെന്ന ഗുരുതര ആരോപണവും ഭരണാനുകൂല സംഘടന മന്ത്രിക്ക് നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ യോഗ്യരാക്കാൻ അഞ്ച് ഉത്തരവുകൾ/ കത്തുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. ഇതോടെയാണ് സെലക്ഷൻ കമ്മിറ്റി അയോഗ്യരെന്ന് കണ്ടെത്തിയവരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.
മന്ത്രി രാജിവെക്കണം -വി.ഡി. സതീശൻ
കോട്ടയം: അധികാര ദുരുപയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 66 സര്‍ക്കാര്‍ കോളജില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, സ്വന്തക്കാരായ ആരും മെരിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ലെന്ന് സതീശൻ പറഞ്ഞു. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മേയ് 17ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി.
മന്ത്രിയെ പുറത്താക്കണം -സുധാകരന്
തിരുവനന്തപുരം: സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടിക അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള 43 പേരെയാണ് പി.എസ്.സി അംഗീകരിച്ചത്.
മന്ത്രിയുടെ ഇഷ്ടക്കാര്‍ പട്ടികയില്‍ ഇടംപിടിക്കാത്തതിനാലാണ് ആ പട്ടിക കരടുപട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും മന്ത്രി നിർദേശം നല്‍കിയത്. സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും സമ്മര്‍ദത്തിന് അനുസരിച്ച് പാവയെപ്പോലെ പ്രവര്‍ത്തിക്കുന്ന മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കിയെന്നും സുധാകരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.