കോളജ് പ്രിൻസിപ്പൽ നിയമനം: ട്രൈബ്യൂണൽ കേസുകളിലെ വിധി നിർണായകം
text_fieldsതിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടൽ വിവാദമായതോടെ നിർണായകമാകുന്നത് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെയുള്ള രണ്ട് കേസുകൾ. സെലക്ഷൻ കമ്മിറ്റി തയാറാക്കുകയും വകുപ്പ്തല പ്രമോഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത 43 പേരുടെ പട്ടികയിൽനിന്ന് ഒരാഴ്ചക്കകം പ്രിൻസിപ്പൽ നിയമനം നടത്തി ഉത്തരവ് ഹാജരാക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹരജി ട്രൈബ്യൂണൽ പരിഗണനയിലാണ്.
ഇതിനുപുറമെ 43 പേരുടെ പട്ടിക അപ്പീൽ കമ്മിറ്റി രൂപവത്കരിച്ച് 76 പേരുടെതാക്കിയത് ചോദ്യംചെയ്ത് പിന്നീട് യോഗ്യത നേടിയ ആറ് അധ്യാപകർ സമർപ്പിച്ച ഹരജിയും പരിഗണനയിലുണ്ട്. പുതിയ പട്ടിക തയാറാക്കാൻ യോഗ്യരായ മുഴുവൻ പേരിൽനിന്നും അപേക്ഷ ക്ഷണിക്കണമെന്ന് ട്രൈബ്യൂണൽ ഇടക്കാല വിധി നൽകിയിരുന്നു. അന്തിമ വിധിക്ക് വിധേയമായി 43 പേരുടെ പട്ടികയിൽനിന്ന് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് 43 പേരുടെ അന്തിമ പട്ടിക കരട് പട്ടികയാക്കാനും അയോഗ്യരെന്ന് കണ്ട് സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയവരിൽനിന്ന് പരാതി സ്വീകരിക്കാൻ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഫയലിൽ നിർദേശിച്ചതിന്റെ രേഖകൾ പുറത്തുവന്നത്. മന്ത്രിയുടെ ഇടപെടൽ പുറത്തായതോടെ പ്രതിരോധത്തിലായ സർക്കാറിന് ഇനി ട്രൈബ്യൂണലിന്റെ അന്തിമ വിധിക്കനുസൃതമായി നടപടി സ്വീകരിക്കുകയാണ് മാർഗം. 66 സർക്കാർ കോളജുകളിൽ 62ലും പ്രിൻസിപ്പൽമാരില്ലാതായത് അയോഗ്യരായവരെ പട്ടികയിൽ തിരുകിക്കയറ്റാൻ സർക്കാർ നടത്തിയ നീക്കമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ട്രൈബ്യൂണൽ വിധിക്കുശേഷവും നിയമനടപടി നീണ്ടാൽ പ്രിൻസിപ്പൽ നിയമനം അനന്തമായി വൈകുകയായിരിക്കും ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.