പെരുമ്പാവൂരിൽ കോളജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsകൊച്ചി: മോഷണശ്രമം ചെറുത്ത കോളജ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊലപ്പെടുത്തി. എറണാകുളം പുക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പി വർഗീസിെൻറ മകൾ നിമിഷയെയാണ് (19) ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിചു മുല്ല (32) അറസ്റ്റിലായി. കൊലപാതകശേഷം ഓടിമറഞ്ഞ ഇയാളെ നാട്ടുകാരാണ് പിടിച്ച് പൊലീസിന് കൈമാറിയത്. മാറമ്പിള്ളി എം.ഇ.എസ് കോളജ് അവസാന വർഷ ബി.ബി.എ വിദ്യാർഥിനിയാണ് നിമിഷ. വാഴക്കുളം സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറാണ് പിതാവ് തമ്പി. സലോമിയാണ് മാതാവ്. സഹോദരി അന്ന ആലുവ സെൻറ് മേരീസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലുള്ള നിമിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാവിലെ പത്തോടെ മലയിടംതുരുത്ത് സെൻറ് മേരീസ് യാക്കോബായ പള്ളിയിലെത്തിക്കും. ഇവിടെ പൊതുദർശനത്തിനുശേഷമാകും സംസ്കാരം.
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. നിമിഷയുടെ മുത്തശ്ശി മറിയാമ്മയുടെ മാല പൊട്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മറിയാമ്മ മാത്രമേ വീട്ടിലുള്ളൂവെന്ന ധാരണയിൽ മുറിയിൽ കടന്ന ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ ഒച്ചവെച്ചു. ഇതുകേട്ട് അടുക്കളയിൽ പച്ചക്കറി അരിയുകയായിരുന്ന നിമിഷ ഓടിയെത്തി. കൊലയാളി നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി കഴുത്തറക്കുകയായിരുന്നു. ബഹളം കേട്ട് ഒാടിയെത്തിയ സമീപത്ത് താമസിക്കുന്ന നിമിഷയുടെ പിതൃസഹോദരൻ ഏലിയാസിെൻറ കൈയിലും പ്രതി കുത്തി. കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസി അബ്ബാസ് പ്രതിയെ കീഴ്പ്പെടുത്തിയെങ്കിലും കുഴഞ്ഞുവീണ നിമിഷയെ താങ്ങിയെടുക്കുമ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സമീപത്ത് ലോഡിങ് ജോലിയിലേർപ്പെട്ടിരുന്ന നിമിഷയുടെ ഇളയച്ഛൻ റെജിയും ആലുവ ജില്ല ആശുപത്രിയിലെ നഴ്സായ രൂപേഷും ഉൾപ്പെടെ നാട്ടുകാർ ഓടിയെത്തി. ഇവർ ചേർന്നാണ് നിമിഷയെയും ഏലിയാസിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിമിഷ യാത്രാമധ്യേ മരിച്ചു. കൈയിൽ ആഴത്തിൽ മുറിവേറ്റ ഏലിയാസിെന കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിയേനാക്കി. നിസ്സാര പരിക്കേറ്റ അബ്ബാസിനെ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു.
കൊലപാതകശേഷം ഓടിമറഞ്ഞ അക്രമിയെ സമീപത്തെ കെട്ടിടത്തിൽനിന്ന് നാട്ടുകാരാണ് പിടികൂടിയത്. ചുവന്ന ടി ഷർട്ടിട്ടയാളാണ് പ്രതിയെന്ന് ഏലിയാസും അബ്ബാസും അറിയിച്ചതിനെത്തുടർന്ന് അമ്പതിലധികംപേർ ചേർന്ന് നാലുഭാഗത്തും തിരച്ചിൽ നടത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിൽ ചുവന്ന ടി ഷർട്ടിട്ടയാൾ പതുങ്ങുന്നത് ശ്രദ്ധയിൽെപട്ട നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സമീപത്തെ ഫ്ലവർ മില്ലിലെ ജീവനക്കാരനാണ് പ്രതി. നിമിഷയുടെ വീടിനുസമീപമാണ് ഇയാൾ താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.