ചെലവ്കുറഞ്ഞ ഓട്ടോമാറ്റിക് ഫുൾ ബോഡി സാനിറ്റൈസർ മെഷീനുമായി കോളേജ് വിദ്യാർഥികൾ
text_fieldsകായംകുളം: കോവിഡിനെ പ്രതിരോധിക്കാൻ ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ഫുൾ ബോഡി സാനിറ്റൈസർ മെഷീനുമായി എൻജിനിയറിങ് വിദ്യാർഥികൾ. കറ്റാനം കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സഹൽ മുഹമ്മദ്, മുഹമ്മദ് ഹിലാൽഷാ, അരവിന്ദ്, ജസീൽ മുഹമ്മദ്, സംഗീത് കൃഷ്ണ എന്നിവരാണ് മെഷീൻ തയാറാക്കിയത്. പ്രൊജക്ട് കോർഡിനേറ്റർ സംഗീത എസ്. കുമാർ, എച്ച്.ഒ.ഡി ജി. അരുൺകുമാർ എന്നിവരുടെ പിന്തുണയുമാണ് സാനിറ്റൈസർ മെഷീൻ നിർമിക്കാൻ സഹായകമായത്.
വിപണിയിൽ പതിനായിരത്തിന് മുകളിൽ വിലയുള്ള മെഷീൻ സാധാരണക്കാർക്ക് വാങ്ങുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ചെലവ് കുറഞ്ഞ സംരംഭം വേണമെന്ന ചിന്ത വിദ്യാർഥികളിലുണ്ടായത്. 1,500 രൂപയോളമാണ് മെഷീൻ നിർമിക്കാൻ ചെലവ് വന്നത്. വ്യവസായകാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചാൽ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ഇവർ പറയുന്നു.
ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബസുകൾ, സിനിമ തിയേറ്റർ തുടങ്ങി ജനം തിങ്ങികൂടുന്ന ഇടങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം. രൂപകൽപ്പനയിൽ ചെറിയ വ്യത്യാസം വരുത്തിയാൽ തീരെ കുറഞ്ഞ ചിലവിൽ വീടുകളിലടക്കം സാധാരണക്കാർക്കും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ജനങ്ങൾ കടന്നുപോകുന്ന പോകുന്നയിടങ്ങളിൽ സ്ഥാപിക്കുന്ന ഉപകരണം ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് 15 സെക്കൻറ് സ്പ്രേ ചെയ്യുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.