കോളജ് അധ്യാപകരുടെ പെൻഷൻ: സർക്കാർ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് കോടതി
text_fieldsകൊച്ചി: ഏഴാം ശമ്പള പരിഷ്‌കരണത്തെ തുടർന്ന് കോളജ് അധ്യാപകരുടെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് ഹൈകോടതി. വിരമിച്ച കോളജ് അധ്യാപകരുടെ പെൻഷൻ വിതരണത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തി 2021 ഫെബ്രുവരി 25ന് നൽകിയ ഉത്തരവും 2021 ഡിസംബർ രണ്ടിലെ തുടർ ഉത്തരവും പുനഃപരിശോധിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
വിരമിച്ച കോളജ് അധ്യാപകരെ രണ്ടു തട്ടിലായി തിരിച്ച് പെൻഷൻ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് ആലുവ ആലങ്ങാട് സ്വദേശിയായ റിട്ട. കോളജ് അധ്യാപകൻ ഡോ. പി.വി. ശ്രീനിവാസൻ ഉൾപ്പെടെ 850 പേർ നൽകിയ ഹരജികളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഏഴാം ശമ്പള പരിഷ്കരണം സർക്കാർ നടപ്പാക്കിയത്. എന്നാൽ, ഈ തീയതി മുതൽ 2019 ജൂൺ 30വരെ സർവിസിൽനിന്ന് വിരമിച്ച അധ്യാപകർക്ക് പെൻഷൻ കുടിശ്ശിക നൽകിയതായി കണക്കാക്കണമെന്നും 2019 ജൂൺ 30നുശേഷം വിരമിച്ചവർക്ക് പെൻഷൻ കുടിശ്ശിക നൽകുമെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ഒരു പ്രസക്തിയുമില്ലെന്നിരിക്കെ 2019 ജൂൺ 30 എന്ന തീയതി കട്ട് ഓഫ് തീയതി നിശ്ചയിച്ച് പെൻഷൻകാരെ രണ്ടുതട്ടിലാക്കി തിരിച്ചത് വിവേചനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, ഹരജിക്കാർ ആവശ്യപ്പെടുന്ന തരത്തിൽ പെൻഷൻ കുടിശ്ശിക നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കോവിഡും പ്രകൃതിദുരന്തങ്ങളും സർക്കാറിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. ജി.എസ്.ടി വിഹിതം കേന്ദ്ര സർക്കാർ കൃത്യമായി നൽകാത്തതും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ബാധ്യത മറ്റൊരു വിഭാഗത്തിനും ചുമത്താതെ പെൻഷൻകാരുടെ ചുമലിൽ മാത്രം വെക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജീവിത സായാഹ്നത്തിലെത്തിയ ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തീരുമാനമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.