കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് മുൻതൂക്കം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് മുൻതൂക്കം. കോഴിക്കോട് ജില്ലയിൽ മലബാർ ക്രിസ്ത്യൻ കോളജ്, ഗുരുവായൂരപ്പൻ കോളജ്, ചേളന്നൂർ എസ്.എൻ കോളജ്, െകായിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.െഎ മുന്നേറ്റം തുടർന്നു. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ്, പേരാമ്പ്ര സി.കെ.ജി, കോടഞ്ചേരി, മടപ്പള്ളി, മുചുകുന്ന്, ബാലുശ്ശേരി, കുന്ദമംഗലം തുടങ്ങിയ ഗവ. കോളജുകളിൽ എസ്.എഫ്.െഎ തകർപ്പൻ ജയം നേടി.
അതേസമയം ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ കെ.എസ്.യു ഗംഭീര തിരിച്ചുവരവ് നടത്തി. സ്റ്റുഡൻറ് എഡിറ്റർ ഒഴികെ എട്ട് സീറ്റിലാണ് ഇവർ ജയിച്ചത്. മുക്കം എം.എ.എം.ഒ കോളജിൽ എം.എസ്.എഫ്-കെ.എസ്.യു സഖ്യം ജയിച്ചു. ചേന്ദമംഗലൂർ സുന്നിയ അറബിക് കോളജ്, മേപ്പയൂർ സലഫി കോളജ് തുടങ്ങിയ കലാലയങ്ങളിൽ എം.എസ്.എഫ് ആധിപത്യം നിലനിർത്തി. ഫാറൂഖ് കോളജിൽ നേരത്തേ നടന്ന തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് സഖ്യം ജയിച്ചിരുന്നു.
മലപ്പുറത്ത് മഞ്ചേരി എൻ.എസ്.എസ്, പെരിന്തൽമണ്ണ എസ്.എൻ.ഡി.പി, പൊന്നാനി എം.ഇ.എസ്, താനൂർ ഗവ. കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.െഎ വിദ്യാർഥി യൂനിയൻ നേതൃത്വം സ്വന്തമാക്കി. തിരൂരങ്ങാടി പി.എസ്.എം.ഒ, ജെംസ് കോളജ്, പുളിക്കൽ മദീനത്തുൽഉലൂം അറബിക് കോളജ്, പെരിന്തൽമണ്ണ എം.എസ്.ടി.എം, വാഴയുർ സാഫി, അരിക്കോട് സുല്ലമുസലാം, വാഴക്കാട് ദാറുൽ ഉലും, കൊേണ്ടാട്ടി ബ്ലോസം തുടങ്ങിയ കോളജുകൾ എം.എസ്.എഫ് മുന്നണി നേടി.
പാലക്കാട് മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിലും എം.എസ്.എഫ് ഭൂരിപക്ഷം നേടി. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ചെയർമാൻ, സ്റ്റുഡൻറ് എഡിറ്റർ സ്ഥാനങ്ങളിൽ കെ.എസ്.യുവാണ് ജയിച്ചത്. ഒറ്റപ്പാലം, നെന്മാറ എൻ.എസ്.എസ് കോളജുകളിലും എസ്.എഫ്.െഎക്കാണ് ജയം. തൃശൂരിൽ കേരള വർമ, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, നാട്ടിക എസ്.എൻ തുടങ്ങിയ കലാലയങ്ങളിലും എസ്.എഫ്.െഎ മുന്നണി മുന്നേറി.
152 സർവകലാശാല യൂനിയൻ കൗൺസിലർമാരെ വിജയിപ്പിച്ച് എം.എസ്.എഫ് ചരിത്രവിജയം നേടിയതായി സംസ്ഥാന പ്രസിഡൻറ് മിസ്ബഹ് കീഴരിയൂർ, സെക്രട്ടറി എം.പി. നവാസ് എന്നിവർ അറിയിച്ചു. 71 കോളജുകളിൽ തനിച്ചും 27 ഇടത്ത് മുന്നണിയായും ജയിച്ചതായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.