കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: ആലപ്പുഴയിൽ എസ്.എഫ്.ഐക്ക് മിന്നുംജയം
text_fieldsആലപ്പുഴ: കേരള സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മിന്നും വിജയം. ജില്ലയിലെ 16 കോളജുകളിൽ 15 ഇടത്തും എസ്.എഫ്.ഐ യൂനിയൻ സ്വന്തമാക്കിയതായി നേതാക്കൾ പറഞ്ഞു. കായംകുളം എം.എസ്.എം കോളജിൽ കെ.എസ്.യു-എം.എസ്.എഫ് സഖ്യം വിജയിച്ചു. ഇവിടെ ചെയർമാനടക്കം മുഴുവൻ സീറ്റുകളും തൂത്തുവാരി.
അമ്പലപ്പുഴ ഗവ. കോളജിൽ ചെയർമാനും യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ സ്ഥാനവും കെ.എസ്.യു സ്വന്തമാക്കിയപ്പോൾ ബാക്കി സീറ്റുകളിൽ മാത്രമാണ് എസ്.എഫ്.ഐക്ക് വിജയിക്കാനായത്. ചേർത്തല എൻ.എസ്.എസ് കോളജിൽ എ.ബി.വി.പിയിൽനിന്നാണ് കോളജ് തിരിച്ചുപിടിച്ചത്.
ചേർത്തല എസ്.എൻ, ചേർത്തല എൻ.എസ്.എസ്, ചേർത്തല സെന്‍റ് മൈക്കിൾസ്, എടത്വ സെന്‍റ് അലോഷ്യസ്, മാവേലിക്കര രാജരവിവർമ, നങ്ങ്യാർകുളങ്ങര ടി.കെ.എം, ആലപ്പുഴ എസ്.ബി കോളജ്, എസ്.ഡി.വി കോളജ്, ബിഷപ് മൂർ കോളജ് മാവേലിക്കര, മാർ ഇവാനിയോസ് മാവേലിക്കര, ഐ.എച്ച്.ആർ.ഡി മാവേലിക്കര, എസ്.എൻ കോളജ് ആലാ, ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര, ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യൂനിയൻ നിലനിർത്തിയാണ് എസ്.എഫ്.ഐ നേട്ടം ആവർത്തിച്ചത്.
ആലപ്പുഴ എസ്.ഡി കോളജിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിൽ 10 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.രണ്ട് പാനലായി മത്സരിക്കുന്ന എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പരിക്കേറ്റ എ.ഐ.എസ്.എഫ് ചെയർമാൻ സ്ഥാനാർഥിയടക്കമുള്ള പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.തിങ്കളാഴ്ച സംഘർഷസാധ്യത കണക്കിലെടുത്ത് സൗത്ത് പൊലീസ് നോട്ടീസ് നൽകിയതോടെയാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.