കേരള ഹൈകോടതിയിൽ അഞ്ചു ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം ശിപാർശ
text_fieldsന്യൂഡൽഹി: കേരള ഹൈകോടതിയിൽ എം.ബി. സ്നേഹലത, ജോൺസൺ ജോൺ, ജി. ഗിരീഷ്, സി. പ്രദീപ് കുമാർ, പി. കൃഷ്ണകുമാർ എന്നിവരെ ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു.
കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മുതിർന്ന രണ്ടു ഹൈകോടതി ജഡ്ജിമാരുമായി കൂടിയാലോചിച്ച് അഞ്ചു ജഡ്ജിമാരെ നിയമിക്കാൻ മാർച്ച് 20ന് നൽകിയ ശിപാർശ കേരള ഗവർണറും മുഖ്യമന്ത്രിയും അംഗീകരിച്ചതാണെന്ന് കൊളീജിയം പ്രമേയത്തിൽ വ്യക്തമാക്കി. എം.ബി. സ്നേഹലതയെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയ കേന്ദ്ര സർക്കാർ രണ്ടു ജാമ്യഹരജികളിലെ അവരുടെ വിധികൾ വലിയ വിമർശനം നേരിട്ടുവെന്നും വ്യക്തമാക്കിയിരുന്നു. ഒ.ബി.സി വിഭാഗക്കാരിയായ സ്നേഹലതക്ക് 59 വയസ്സായതിനാൽ ഹൈകോടതി ജഡ്ജിയായി വളരെ കുറച്ച് കാലാവധിയേ ഉണ്ടാകൂ.
ജോൺസൺ ജോൺ, ജി. ഗിരീഷ്, പി.സി. പ്രദീപ് കുമാർ, പി. കൃഷ്ണകുമാർ എന്നിവരെക്കുറിച്ച് കേന്ദ്ര സർക്കാറിന് ഒരു ആക്ഷേപവുമില്ലെന്നും കൊളീജിയം പ്രമേയത്തിൽ കുറിച്ചു.
ഹൈകോടതി ജഡ്ജി ശിപാർശ പട്ടികയിലുള്ളവർ
●എം.ബി. സ്നേഹലത (കൊല്ലം പ്രിൻസിപ്പൽ ജില്ല ജഡ്ജി): എറണാകുളം വൈപ്പിന്‍ മരക്കാപ്പറമ്പില് പരേതരായ ഭാര്‍ഗവന്റെയും ഭാമയുടെയും മകളാണ്. . 1988ല്‍ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. ഒ.ബി.സി വിഭാഗത്തിലുൾപെട്ട എം.ബി. സ്നേഹലത 1995ല്‍ മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വിസില്‍ പ്രവേശിച്ചു. 2014ല്‍ ജില്ല ജഡ്ജിയായി. തിരുവനന്തപുരം, പാലക്കാട്, മാറാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ല ജഡ്ജിയായിരുന്നു. നിലവില്‍ കൊല്ലം പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയാണ്. തൃശൂരില്‍ അഭിഭാഷകനായ കെ.കെ. ഷാജിയാണ് ഭര്‍ത്താവ്. മകന്: അലന് കൃഷ്ണ (വിദ്യാര്‍ഥി, കൊല്ലം കേന്ദ്രീയ വിദ്യാലയ).
●ജോൺസൺ ജോൺ (കൽപറ്റ പ്രിൻസിപ്പൽ ജില്ല ജഡ്ജി): പത്തനംതിട്ട റാന്നി മണിമലേത്ത് വീട്ടിൽ പരേതനായ എം.ഒ. ജോണിന്റെ മകനാണ്. 1995ൽ മാനന്തവാടി മുൻസിഫ് -മജിസ്ട്രേറ്റായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. തിരുവനന്തപുരം അഡീ. ജില്ല ജഡ്ജി, കോട്ടയം എം.എ.സി.ടി കോടതി ജഡ്ജി, കോട്ടയം അഡീ. ജില്ല ജഡ്ജി, സൂര്യനെല്ലി വിചാരണക്കോടതിയിൽ അഡീ. ജില്ല ജഡ്ജി, കോട്ടയം അഡീ. ജില്ല ജഡ്ജി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഏലിയാമ്മ കുരുവിള (റാന്നി സെന്റ് തോമസ് കോളജിലെ മുൻ പ്രഫസർ). മക്കൾ: ജോണു ജോൺസൺ, ജോയൽ ജോൺസൺ (ഇരുവരും കാനഡയിൽ).
●ജി. ഗിരീഷ് (തൃശൂർ പ്രിൻസിപ്പൽ ജില്ല ജഡ്ജി): പന്തളം കിഷോർ ഭവനിൽ അധ്യാപകരായിരുന്ന പരേതനായ കെ.ആർ. ഗോപിനാഥൻ ഉണ്ണിത്താന്റെയും ടി. സതീദേവിയുടെയും മകനാണ്. 1990ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1997ൽ ഒന്നാം റാങ്കോടെ മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷ പാസായി. മാവേലിക്കര മുൻസിഫായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. നെടുമങ്ങാട്, പാലാ, റാന്നി, കായംകുളം എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേറ്റായി പ്രവർത്തിച്ചു.
2014ൽ ജില്ല ജഡ്ജിയായി. 2022ൽ തലശ്ശേരി പ്രിൻസിപ്പൽ ജില്ല ജഡ്ജിയായി. കഴിഞ്ഞ ഏപ്രിലിലാണ് തൃശൂർ പ്രിൻസിപ്പൽ ജില്ല ജഡ്ജിയായത്. ഭാര്യ: ബി.ഐ. ദീപ്തി (എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ അധ്യാപിക). മക്കൾ: ഭഗവത് ഗിരീഷ് (ബി.ടെക് വിദ്യാർഥി, ഐ.ഐ.ടി മദ്രാസ്), പാർവതി പ്രത്യൂഷ (എം.ബി.ബി.എസ് വിദ്യാർഥിനി).
● സി. പ്രദീപ് കുമാർ (കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജി): തിരുവനന്തപുരം പൂങ്കുളം വെള്ളായണി സ്വദേശി. 1997ൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. കൊല്ലം, നെടുമങ്ങാട് എന്നിവിടങ്ങളിൽ മുൻസിഫായും വർക്കല, കൊല്ലം എന്നിവിടങ്ങളിൽ മജിസ്ട്രേറ്റും എറണാകുളത്ത് സബ് ജഡ്ജായും പ്രവർത്തിച്ചു. തലശ്ശേരിയിൽ പ്രിൻസിപ്പൽ ജില്ല ജഡ്ജിയായിരിക്കെ ജൂണിലാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജിയായത്. ഭാര്യ: ഷേർളി (കാഞ്ഞിരംകുളം പി.കെ.എസ്. എച്ച്.എസിൽ അധ്യാപിക). മക്കൾ: അഡ്വ. അഭിജിത്ത്, അഭിനന്ദ് (എൽഎൽ.ബി വിദ്യാർഥി).
●പി. കൃഷ്ണകുമാർ (ഹൈകോടതി രജിസ്ട്രാർ ജനറൽ): ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ ജി.പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനാണ്. 13 വർഷം ആലപ്പുഴ ജില്ല കോടതിയിലും തുടർന്ന് ഹൈകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2012ൽ അഭിഭാഷകരിൽനിന്ന് നേരിട്ടുള്ള ജില്ല ജഡ്ജി നിയമനത്തിൽ ഒന്നാം റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രിൻസിപ്പൽ ജില്ല ജഡ്ജിയായിരുന്നു. എറണാകുളത്തെ എൻ.ഐ.എ, സി.ബി.ഐ കോടതികളിൽ ജഡ്ജിയായിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാലിനി. മക്കൾ: ആകാശ്, നിരഞ്ജൻ, നീലാഞ്ജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.