അഴിമതിയുടെ നേർകാഴ്ച; കുടിവെള്ളം എത്താത്ത കോളനികൾ
text_fieldsവെള്ളമുണ്ട: വരൾച്ചയുടെ കെടുതിയിലേക്ക് നാട് അമരുമ്പോൾ അഴിമതിയുടെ നേർ ചിത്രമായി ആദിവാസി കോളനികളിൽ ഉപയോഗ ശൂന്യമായ കുടിവെള്ള പൈപ്പുകൾ. ലക്ഷങ്ങൾ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതികളുടെ വിതരണ പൈപ്പുകളും, കോളനി മുറ്റങ്ങളിൽ സ്ഥാപിച്ച ടാപ്പുകളും ടാങ്കുകളുമാണ് വർഷങ്ങളായി ഉപയോഗമില്ലാതെ നശിക്കുന്നത്. വെള്ളമുണ്ട, തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി കുടിവെള്ള - ജലസേചന പദ്ധതികളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ, പാലയാണ, നാരോകടവ്, മംഗലശ്ശേരി, മേച്ചേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ നശിച്ചുകഴിഞ്ഞു. ജലനിധി പദ്ധതിയിലും, വനംവകുപ്പിെൻറ കീഴിലും മറ്റുമായി തുടങ്ങിയ കുടിവെള്ള പദ്ധതിയുടെ പേരിലാണ് കോളനികളിലെ ഓരോ വീടുകളിലും ടാപ്പുകൾ സ്ഥാപിച്ചത്. എന്നാൽ, വലിയ പ്രതീക്ഷ നൽകി സ്ഥാപിച്ച കുടിവെള്ള പദ്ധതികളിൽ ആദിവാസികൾ കബളിപ്പിക്കപ്പെടുകയായിരുന്നു.
തൊണ്ടർനാട് പഞ്ചായത്തിലെ കോറോം, പാലേരി തുടങ്ങിയ സ്ഥലങ്ങളിൽ ജലനിധി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതി ഉപയോഗമില്ലാതെ നശിക്കുന്നത് പ്രതിഷേധത്തിനിടയാക്കി. ഓരോ സ്ഥലത്തും പദ്ധതിക്കാവശ്യമായ ടാങ്കും കിണറും വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ച ശേഷം പദ്ധതി ഉപേക്ഷിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഓരോ പദ്ധതിക്കും 40-50 ലക്ഷം രൂപ മുടക്കിയിട്ടുണ്ട്.
കുഞ്ഞോം കോളനിയിലും നൂറുകണക്കിന് ടാപ്പുകളാണ് നശിച്ചത്. പല കാലങ്ങളിലായി ഒരേ സ്ഥലത്ത് ഒന്നിലധികം കുടിവെള്ള പദ്ധതികൾ തുടങ്ങി. കിണറും ടാങ്കും മോട്ടോറും സ്ഥാപിച്ച ശേഷം നിസ്സാര കാരണങ്ങൾ നിരത്തി ഉപേക്ഷിച്ചവയാണ് പല പദ്ധതികളും. ആദിവാസികളെ വെള്ളം നൽകാത്ത ടാപ്പും പൈപ്പും കാണിച്ച് കബളിപ്പിക്കുകയായിരുന്നു.
കുടിവെള്ള പദ്ധതികളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ മിക്ക പദ്ധതികളും ഉപയോഗിക്കാനാവും. എന്നാൽ, കാടുമൂടിയ പദ്ധതികൾ കാണാതെ പുതിയ പദ്ധതികളെ കുറിച്ചാണ് ചർച്ച നടത്തുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും ചില രാഷ്ട്രീയക്കാരുമാണ് അഴിമതിക്കു പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.