പ്രളയ ബാധിത പ്രദേശങ്ങളിലെ കോളനി നവീകരണം പാതിവഴിയിലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : പ്രളയ ബാധിത പ്രദേശങ്ങളിലെ പട്ടികജാതി കോളനി നവീകരണം പാതിവഴിയിലെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടികജാതി കോളികളിലെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പട്ടികജാതിക്കാർ ഏറെയുളള കോളനികളുടെ നവീകരണത്തിന് പുതിയ സ്കീം സർക്കാർ പ്രഖ്യാപിച്ചത് 2019 ജനുവരിയിലാണ്.
ജില്ലാ നിർമിതി കേന്ദ്രങ്ങൾ (ഡി.എൻ.കെ) വഴി പദ്ധതി നടപ്പാക്കാനാണ് പട്ടികജാതി ഡയറക്ടർ നിർദേശം നൽകിയത്. ഇതനുസരിച്ച് എറണാകുളം ജില്ലയിൽ നവീകരണത്തിനായി പ്രളയം ബാധിച്ച 17 കോളനികളെ തിരഞ്ഞെടുത്തു. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നവീകരണത്തിനുള്ള ചുമതല നൽകിയത്.
ധാരളാപത്രം അനുസരിച്ച് 17ൽ 14 എണ്ണത്തിന്റെ നവീകരണത്തിന് ഡി.എൻ.കെക്ക് അഡ്വാൻസ് തുകയായി 83.29 ലക്ഷം രൂപ കൈമാറി. ധാരണാപത്രം ഒപ്പിട്ട തീയതി മുതൽ ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നാളിതുവരെ പണി പൂർത്തിയായിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സർക്കാർ ഫണ്ട് 83.29 ലക്ഷം രൂപ ഏജൻസികളുടെ കൈയിലാണ്. പറവൂർ ബ്ലോക്കിലെ മുണ്ടകപാടത്തിനപ്പുറം കേളനിയിലെ നവീകരണം ഉപേക്ഷിച്ചു. വൈപ്പിൻ ബ്ലോക്കിലെ ഈസ്റ്റ് മഞ്ചൻകാട്, കളമശേരി എച്ച്.എം.ടി കോളനി എന്നിലവിടങ്ങളെ നവീകരണത്തിന് കരാർപോലും ഉറപ്പിച്ചില്ല. ഈ മൂന്നെണ്ണത്തിന്റെ നവീകരണം നടപ്പാക്കാതെ പോയതിന്റെ കാരണവും വ്യക്തമല്ല. ഇക്കാര്യത്തിൽ ഓഡിറ്റ് സംഘത്തോട് വ്യക്തമായി മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
ഡയറക്ടറുടെ ഉത്തരവ് പ്രകാരം, ജില്ല പട്ടികജാതി ഓഫീസർ കോളനികളിലെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യണം. എല്ലാ മാസവും 30-ാം തീയതി റിപ്പോർട്ട് ഡയറക്ടറേറ്റിന് നൽകണം. എന്നാൽ പരിശോധനയിൽ അത്തരമൊരു റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് ജില്ലാ ഓഫിസർ അയച്ചില്ല.
2019 ജനുവരി 17നാണ് വകുപ്പ് ഡയറക്ടർ ഏജൻസിയുടെ ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രം അനുസരിച്ച് ആറ് മാസത്തിനുള്ളിൽ എസ്റ്റിമേറ്റ് പ്രകാരമുള്ള മുഴുവൻ ജോലിയും പൂർത്തിയാക്കണം. കാലാവധി നീട്ടി നൽകുന്നതല്ലെന്നും ധാരണാ പത്രത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ ഏജൻസികളിൽനിന്ന പിഴ ഈടാക്കുമെന്നും രേഖപ്പെടുത്തി. ഇക്കാര്യത്തിൽ ജില്ലാ പട്ടികജാതി ഓഫീസർക്ക് നിയമാനുസൃത പിഴ നിശ്ചയിക്കാം. എന്നാൽ, ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടായില്ല.
ശരിയായ ആസൂത്രണത്തിന്റെ അഭാവം, നടത്തിപ്പിന് ഉചിതമായ ഏജൻസിയെ തിരഞ്ഞെടുക്കുന്നതിലെ വീഴ്ച, പദ്ധതി നടത്തിപ്പും നിരീക്ഷണവും തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും പരാജയം സംഭവിച്ചു. രണ്ടു വർഷത്തിന് ശേഷവും തിരഞ്ഞെടുത്ത 17 പട്ടികജാതി കോളനികളിൽ പദ്ധതിയുടെ ലക്ഷ്യം നേടിയിട്ടില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പട്ടികജാതി ഫണ്ട് ചെലവഴിക്കുന്നതിന് സമയപരിധിയില്ലെന്നാണ് വകുപ്പിലെ പല ഉദ്യോഗസ്ഥരുടെയും വിശ്വാസം. വകുപ്പിലെ മോണിറ്ററിങ് സംവിധാനം ദുർബലമായതിനാൽ പലപദ്ധതികളും ഇതുപോലെ പാതി വഴിയിലാണ്.
- ആർ.സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.