കളർ കോഡ് ഒഴിവാക്കി; ചരക്ക് വാഹനങ്ങളിൽ ഇനി മഞ്ഞനിറമില്ല
text_fieldsകോഴിക്കോട്: ചരക്കുവാഹനങ്ങളുടെ മഞ്ഞ കളർ കോഡ് ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്. ഓറഞ്ച് നിറമൊഴിച്ച് ഏതു നിറവും ഉപയോഗിക്കാമെന്നാണ് പുതിയ ഉത്തരവ്. ചരക്കുവാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധനയായിരുന്നു ഇതുവരെ. ഓറഞ്ച് ഒഴികെ ഏതു നിറവും ഉപയോഗിക്കാമെന്ന് കേരള മോട്ടോര്‍വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഉത്തരവ്. രാത്രിയും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്പെടാന് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്.
എന്നാല്‍, ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളർ കോഡ് ഒഴിവാക്കിയ കേന്ദ്ര ഭേദഗതി സംസ്ഥാനവും സ്വീകരിക്കുകയായിരുന്നു. നിയമ ഭേദഗതിയെത്തുടര്‍ന്ന് കറുത്ത നിറം വരെ ലോറികള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാകും. വെളിച്ചം പ്രതിഫലിക്കുന്ന റിഫ്ലക്ടിവ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, വെളിച്ചം പ്രതിഫലിപ്പിക്കാത്ത തരം പെയിന്റ് ഉപയോഗിച്ചാൽ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണില്‍പെടാനുള്ള സാധ്യത കുറവായതിനാൽ അപകടമേറുമെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നല്കിയതുള്പ്പെടെയുള്ള തീരുമാനങ്ങള്‍ എളുപ്പം കണ്ണില്പെടുന്ന നിറം എന്ന നിലക്കായിരുന്നു. ഓറഞ്ച് നിറം നിര്‍ബന്ധമായ പ്രെട്രോളിയം, രാസമിശ്രിതങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വശങ്ങളില് വെള്ളനിറം ഉപയോഗിക്കാനും ഭേദഗതിയിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച് സെന്റിമീറ്റര്‍ വീതിയില്‍ ഉണങ്ങിയ ഇലയുടെ നിറത്തിൽ തടിച്ച വരയും ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.