കുഞ്ഞേ വരൂ, ഞങ്ങൾക്കൊപ്പം വളരാം...; ദുരന്തഭൂമിയിൽനിന്ന് ദത്തെടുക്കാൻ തയാറായി കുവൈത്ത് പ്രവാസി കുടുംബം
text_fieldsകുവൈത്ത് സിറ്റി: വയനാട് ദുരന്തഭൂമിയിൽനിന്ന് ആശങ്കയുടെ വാർത്തകൾ ഉയരുമ്പോൾ ആശ്വാസത്തിന്റെ തണലൊരുക്കി കുവൈത്ത് പ്രവാസി. വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ച്
സമീർ പടന്നയും കുടുംബവുമാണ് നിയമവഴികൾ അന്വേഷിക്കുന്നത്. സർക്കാർ നയങ്ങൾക്കനുസരിച്ച് കുട്ടിയെ ഏറ്റെടുക്കുമെന്നും സമീർ പറഞ്ഞു. കുവൈത്തിൽ പ്രവാസിയായ കാസർകോട് പടന്ന സ്വദേശിയായ സമീർ ഭാര്യ കെ.പി. സാജിതയോടും മക്കളായ റിഹാനോടും,റബീനോടും ചർച്ചചെയ്താണ് ഈ തീരുമാനത്തിലെത്തിയത്. സമീറിന്റെ താൽപര്യത്തിന് എല്ലാവരും പിന്തുണയും അറിയിച്ചു.
ഇത് പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ലെന്നും നേരത്തേ ഭാര്യയുമായി വിഷയം സംസാരിച്ചതാണെന്നും സമീർ പറഞ്ഞു. അതിനിടെയാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്നതും രക്ഷിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വാർത്തകൾ കേൾക്കുന്നതും. ഇതോടെ തീരുമാനം പുറത്തറിയിക്കുകയായിരുന്നു.
നാട്ടിൽ സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാനാണ് ഇനി ശ്രമം.കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സമീറിന് മറ്റൊരു കാരണവും പ്രചോദനവും കൂടിയുണ്ട്. പിതാവ് പി.വി.സി കുഞ്ഞബ്ദുല്ല വർഷങ്ങൾക്കു മുമ്പ് കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു.
അതടക്കം തനിക്ക് ഇപ്പോൾ നാല് സഹോദരങ്ങൾ ഉണ്ടെന്നും, മറ്റൊരാളെ ദത്തെടുക്കുന്ന കാര്യം പറഞ്ഞപ്പോൾ മാതാവ് ബി.സി. സുഹറ ഏറെ സന്തോഷവതിയാണെന്നും സമീർ പറഞ്ഞു. കുവൈത്ത് അൽ അൻസാരി എക്സ്ചേഞ്ചിൽ പ്രോജക്ട് കോഓഡിനേറ്ററാണ് സമീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.