വരുന്നൂ... സ്വകാര്യ സർവകലാശാല, കോൺസ്റ്റിറ്റ്യുവന്റ് കോളജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകളും കോൺസ്റ്റിറ്റ്യുവന്റ് കോളജുകളും ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് സർക്കാർ. ഇതിന് ആവശ്യമായ നിർദേശങ്ങളും നടപടിക്രമങ്ങളും സമർപ്പിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനും മികച്ച സർക്കാർ കോളജുകൾക്ക് കോൺസ്റ്റിറ്റ്യുവന്റ് കോളജ് പദവി നൽകാനും ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശിപാർശ ചെയ്തിരുന്നു.
കൽപിത സർവകലാശാല പദവിക്കായി ചില കോളജുകൾ സർക്കാറിനെ സമർപ്പിച്ചപ്പോൾ വിഷയം പഠിച്ചു റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി കൽപിത സർവകലാശാല അനുവദിക്കുന്നതിന് പച്ചക്കൊടി വീശുകയും ചെയ്തു. എന്നാൽ, ഉന്നത വിദ്യാഭ്യാസ വകുപ്പും, സി.പി.എമ്മും സംസ്ഥാന സർക്കാറിന് നിയന്ത്രണമില്ലാത്ത കൽപിത സർവകലാശാലക്കു പകരം സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതാണ് ഉചിതം എന്ന നിലപാട് സ്വീകരിച്ചു. പൂർണമായും യു.ജി.സി നിയന്ത്രണത്തിലാണ് കൽപിത സർവകലാശാലകൾ പ്രവർത്തിക്കുക. സംസ്ഥാന സർക്കാർ പ്രത്യേക നിയമനിർമാണം നടത്തി സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാനും ധാരണയായി. മികച്ച പാരമ്പര്യമുള്ള വിദ്യാഭ്യാസ ഏജൻസിക്ക് സ്വകാര്യ സർവകലാശാല അനുമതി നൽകുന്നതാണ് പരിഗണനയിൽ. കേരളം ഒഴികെ സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.
അഫിലിയേറ്റിങ് സംവിധാനത്തിൽനിന്ന് മാറി, അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളിൽ സർവകലാശാലയുമായി കൂടുതൽ ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന കോളജുകളാണ് കോൺസ്റ്റിറ്റ്യുവന്റ് കോളജുകൾ. ആദ്യ ഘട്ടത്തിൽ 20 സർക്കാർ കോളജുകളെ കോൺസ്റ്റിറ്റ്യുവന്റ് കോളജുകളായി ഉയർത്താൻ ആണ് ശ്യാം മേനോൻ കമീഷൻ ശിപാർശ ചെയ്തത്. നിലവിലെ സർവകലാശാല നിയമങ്ങളിൽ ഇതിനായി ഭേദഗതി കൊണ്ടുവരേണ്ടി വരും. ഡൽഹി സർവകലാശാലക്ക് കീഴിലുള്ള ഭൂരിപക്ഷം കോളജുകളും കോൺസ്റ്റിറ്റ്യുവന്റ് കോളജുകളാണ്. കേരളത്തിൽ കാർഷിക സർവകലാശാലക്ക് കീഴിൽ ഇത്തരം കോളജുകൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.