വരൂ, കേരളജനതയുടെ പുസ്തകോത്സവ നഗരിയിലേക്ക്
text_fieldsകേരളത്തിലെ ഓരോ ജനങ്ങളുടെയും പുസ്തകോത്സവം എന്ന കിരീടമാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്ലഭിച്ചിരിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തുകൊണ്ടാണ് ഒന്നാം എഡിഷന് വിജയിപ്പിച്ചത്. രണ്ടാം എഡിഷനും വ്യത്യസ്തമാവില്ല
രാജ്യചരിത്രത്തില്‍ ആദ്യമായി ഒരു നിയമസഭ, വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കേരള നിയമസഭ സമുച്ഛയത്തില്‍ തുടക്കമായിരിക്കുന്നു. മലയാളത്തിന്റെ മഹോത്സവമായ ‘കേരളീയം’ പരിപാടിക്കൊപ്പം നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയാണ് പുസ്തകോത്സവം ഒരുക്കുന്നത്. രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അതിനൊപ്പം കലാ-സാഹിത്യ-സാംസ്കാരിക മേഖലകളില്‍ സമഗ്ര സംഭാവന നല്കിയ വ്യക്തിത്വത്തിനുള്ള നിയമസഭ അവാര്‍ഡ്, മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമർപ്പിക്കും.
കഴിഞ്ഞ ജനുവരിയിലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം എഡിഷന് സംഘടിപ്പിക്കപ്പെട്ടത്. അത് ജനാധിപത്യത്തിന്റെ സര്‍ഗാത്മകമായ അധ്യായമായി മാറി. അന്ന് കേരള നിയമസഭയിലേക്കെത്തിയത് ഒരു ലക്ഷത്തിലേറെ വിദ്യാർഥികളാണ്. ഏഴുലക്ഷത്തോളം പേര് അക്ഷരങ്ങളുടെ, അറിവിന്റെ വാതായനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ അടുത്തറിഞ്ഞു. സമാനതകളില്ലാത്ത കൂട്ടായ്മയുടെ മനോഹാരിതയായിരുന്നു നമ്മുടെ പുസ്തകോത്സവത്തിന്റെ പ്രത്യേകത. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തുകൊണ്ടാണ് ഒന്നാം എഡിഷന് വിജയിപ്പിച്ചത്. രണ്ടാം എഡിഷനും വ്യത്യസ്തമാവില്ല.
ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സാധിക്കുമെന്നാണ് കഴിഞ്ഞ പുസ്തകോത്സവ കാലത്ത് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞത്. രാഷ്ട്രപതിയുടെ ഈ വാക്കുകളെ പ്രകാശിപ്പിക്കുന്നതാവും ഇക്കുറി പുസ്തകോത്സവം. അക്ഷരങ്ങളിലൂടെ മനുഷ്യന് ലഭിക്കുന്ന വെളിച്ചത്തെ ഇല്ലാതാക്കാനാണ് രാജ്യത്ത് ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നത്. അറിവിന് പകരം അജ്ഞാനം വിളമ്പുന്ന, അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന, ശാസ്ത്രചിന്തകള്‍ക്ക് പകരം നുണക്കഥകളെ സ്ഥാപിച്ചെടുക്കുന്ന അക്ഷരവൈരികള്‍ രാജ്യത്ത് വര്‍ഗീയതയുടെ വിളവെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്.
പുരോഗമന സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമത്തിലാണവർ. സാമൂഹിക പരിഷ്കരണ-നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും മുമ്പുള്ള സാഹചര്യം പുനഃസ്ഥാപിക്കാനാണ് അവരുടെ ആഗ്രഹം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയും ജാതിജീര്ണതകളും നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി പോലുള്ള ആശയങ്ങളും തിരികെ കൊണ്ടുവരാനാണ് പരിശ്രമം. രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതി സ്ഥാപിക്കാൻ ഒരുമ്പെടുകയെന്നാൽ എത്രമാത്രം അപകടകരമാണ്. അത്തരമൊരു വര്‍ത്തമാനത്തില്‍ പുസ്തകങ്ങളും അക്ഷരങ്ങളും അറിവുമാണ് ജനങ്ങള്‍ക്കുള്ള കരുത്ത്. മനുഷ്യന്റെ കൈയിലെ ആയുധമായി പുസ്തകം മാറുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാനാവുക. വായനയാണ് ലഹരിയെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നിയമസഭ പുസ്തകോത്സവം ഒരുക്കുന്നതിലൂടെ അക്ഷരവെളിച്ചത്തിലൂടെ അജ്ഞതയുടെ ഇരുട്ടിനെ അകറ്റാനാണ് ശ്രമിക്കുന്നത്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എം.എല്‍.എമാരുടെ സ്പെഷല്‍ ഡെവലപ്മെന്റ് ഫണ്ടില്‍നിന്ന് മൂന്ന് ലക്ഷം രൂപ പുസ്തകം വാങ്ങാനായി വിനിയോഗിക്കാവുന്നതാണ്. അതാത് മണ്ഡലത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ക്കും സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ ഗ്രന്ഥശാലകള്‍ക്കും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്കുമാണ് ഇതിലൂടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സാധിക്കുക.
ദേശീയ-അന്തര്‍ദേശീയ പ്രതിഭകളെ അണിനിരത്തിയുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും മന്ത്രിമാരും മറ്റും പങ്കാളികളാവുന്ന പാനല്‍ ചര്‍ച്ചകളും സെമിനാറുകളും വിഷന്‍ ടോക്സും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും തുടങ്ങി കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മണ്ഡലത്തെ ജീവസ്സുറ്റതാക്കുന്ന നിരവധി പരിപാടികള്‍ പുസ്തകോത്സവ വേദിയിലുണ്ടാവും.
നിയമ നിര്‍മാണ സഭയെന്ന നിലയില്‍ സ്വാഭാവികമായുള്ള നിയന്ത്രണമുള്ളതുകൊണ്ട് രാജ്യത്തെ നിയമസഭകളിലൊന്നും പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കാറില്ല. എന്നാല്‍, അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ മന്ദിരത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. ജനങ്ങള്‍ക്ക് നിയമസഭയെ മനസ്സിലാക്കാനും അതിന്റെ ചരിത്രം ഉള്‍ക്കൊള്ളാനും ഇവിടെ നടക്കുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച് അറിവുണ്ടാക്കാനും അന്താരാഷ്ട്ര പുസ്തകോത്സവം സഹായകമാവും. നിയമസഭ മന്ദിരത്തിന്റെ അകത്തളവും നിയമസഭയുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയവും നൂറുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള നിയമസഭ ലൈബ്രറിയും കാണാന്‍ സൗകര്യമൊരുക്കുന്നുണ്ട്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന വിദ്യാർഥികള്‍ക്ക് സിറ്റി റൈഡിനുള്ള ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ പ്രസിദ്ധീകരണ ശാലകളുടെയും മറ്റ് സ്ഥാപനങ്ങളുടെയുമൊക്കെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള പുസ്തകമേളകള്‍ നമുക്ക് സുപരിചിതമാണ്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി, കേരളത്തിലെ ഓരോ ജനങ്ങളുടെയും പുസ്തകോത്സവം എന്ന കിരീടമാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ലഭിച്ചിരിക്കുന്നത്. ഒരു കോട്ടവും തട്ടാതെ ആ പദവി ഉയര്‍ത്തിപ്പിടിച്ച് കേരള നിയമസഭ പുസ്തകോത്സവത്തിന്റെ രണ്ടാം എഡിഷന് വിജയിപ്പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.