വാണിജ്യനികുതി വകുപ്പ് ജി.എസ്.ടി വകുപ്പാകും; ഉദ്യോഗസ്ഥ തസ്തികകളുടെ പേരിലും മാറ്റം
text_fieldsതിരുവനന്തപുരം: ചരക്കുസേവനനികുതി നിലവിൽവന്നതോടെ സംസ്ഥാനത്തെ വാണിജ്യനികുതി വകുപ്പിെൻറ പേര് ചരക്കുസേവനനികുതി വകുപ്പ് എന്നാക്കി മാറ്റി. പേര് മാറ്റണമെന്ന ധനവകുപ്പ് നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാന ജി.എസ്.ടി വകുപ്പിെൻറ തലവൻ കമീഷണർ എന്നാകും അറിയപ്പെടുക. നിലവിലെ വാണിജ്യനികുതി കമീഷണർ രാജൻ ഖൊബ്രഗഡെ തന്നെയായിരിക്കും സംസ്ഥാന ജി.എസ്.ടി വകുപ്പ് കമീഷണർ. ജില്ലകളുടെ ചുമതല ഡെപ്യൂട്ടി കമീഷണർമാർക്കായിരിക്കും.
ഇതോടൊപ്പം സംസ്ഥാനത്ത് കേന്ദ്ര ജി.എസ്.ടി വകുപ്പും ഉണ്ടായിരിക്കും. നേരത്തേയുള്ള കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ആണിത്. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള നികുതിയുടെ 90 ശതമാനം സംസ്ഥാനവും 10 ശതമാനം കേന്ദ്ര ജി.എസ്.ടി വകുപ്പുമായിരിക്കും പിരിക്കുക. ഇതിന് മുകളിലുള്ള നികുതിയിൽ 50 ശതമാനം വീതം ഇരുവരും പിരിക്കും.
ഇതുസംബന്ധിച്ച് പിന്നീട് ചർച്ചചെയ്ത് ധാരണയിലെത്തുമെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നികുതി നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരം നിഷ്കർഷിച്ച അധികാരങ്ങളും ചുമതലകളും ജി.എസ്.ടി വകുപ്പിലെ വിവിധതലത്തിലെ ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. ഇതിനായി കമീഷണറെ ചുമതലപ്പെടുത്തി. ജി.എസ്.ടി പ്രകാരം പിഴനിശ്ചയിക്കുന്നത് അടക്കം അധികാരം ടാക്സ് ഓഫിസർമാർക്കായിരിക്കും. നികുതി അടയ്ക്കാൻ 90 ദിവസംവരെ സാവകാശം നൽകാൻ ഇവർക്ക് അധികാരമുണ്ട്. ഇതിനുമുകളിൽ ദിവസങ്ങളുടെ സാവകാശം ആവശ്യമെങ്കിൽ കമീഷണറെയോ സർക്കാറിനെയോ സമീപിക്കണം. രണ്ടുലക്ഷത്തിൽ കുറവുള്ള തുക മടക്കിനൽകൽ അധികാരവും നികുതി ഓഫിസർമാർക്ക് ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.