സുരേന്ദ്രന്റെ മകൾക്കെതിരായ കമൻറ്: ഫേസ്ബുക്ക് വിലാസത്തിൽ ദുരൂഹതയേറുന്നു, കിരൺദാസിനെ ചോദ്യം ചെയ്യാൻ സാധ്യത
text_fieldsകോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്ക് കമൻറിലൂടെ അപമാനിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കമൻറിട്ടതിന് ഖത്തറിൽ ജോലി ചെയ്യുന്ന ആവള പെരിഞ്ചേരി താഴെ അജ്നാസിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്റെ പരാതിയിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്തിരുന്നു.
തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് സുരേന്ദ്രന്റെ മകളെ അപമാനിച്ചെന്നാണ് അജ്നാസിന്റെ പ്രതികരണം. അജ്നാസിന്റെ പേരിലുള്ള ഫേസ്ബുക്ക് ലിങ്കിൽ കിരൺ ദാസ് എന്നയാളുടെ പ്രൊഫൈലാണ് അടിസ്ഥാന ഐ.ഡിയായുള്ളത്.
തന്റെ ഫേസ്ബുക്ക് ഐ.ഡി ജനുവരി നാല് മുതൽ ഹാക്ക് ചെയ്തതായി അഞ്ചിനും ഒമ്പതിനും ഇ-മെയിൽ വഴി കിരൺദാസ് ഫറോക്ക് െപാലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ജനുവരി പത്തിന് നേരിട്ട് സ്റ്റേഷനിൽ ഹാജരായി.
ഫറോക്ക് സ്വദേശിയായ ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. പാർട്ടിയിൽ ചില ഗ്രൂപ്പ് വഴക്കുകളിലുൾപ്പെട്ടതായും സൂചനയുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഫേസ്ബുക്ക് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് ജനുവരി അഞ്ചിന് ഫറോക്ക് പൊലീസിന് നൽകിയ പരാതിയിൽ കിരൺദാസ് പറയുന്നുണ്ട്.
കേസെടുത്തില്ലെങ്കിൽ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് െപാലീസ് ഉത്തരവാദിയാകുമെന്ന വിചിത്രമായ പരാതിയും കിരൺദാസ് നൽകിയിരുന്നു. ഇങ്ങനെയാരു പരാതി ആദ്യമായാണ് കാണുന്നതെന്ന് മുതിർന്ന െപാലീസ് ഉദ്യോഗസ്ഥർ പറയുന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതായ പരാതി സൈബർ െസല്ലിന് കൈമാറിയിട്ടുണ്ട്. കിരൺദാസിനെ വിശദമായി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇദ്ദേഹം തുടക്കത്തിൽ നേരിട്ട് പരാതി നൽകാത്തതിലും അസ്വാഭാവികതയുണ്ട്.
പ്രതികരണത്തിനായി കിരൺദാസിനെ വിളിച്ചെങ്കിലും ലഭ്യമായില്ല. രാത്രി മുതൽ ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. വ്യാജ അക്കൗണ്ട് നിർമിച്ചതുമായി ബന്ധപ്പെട്ട് അജ്നാസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.