ലവ് ജിഹാദ്: ജോസ് കെ. മാണിയുടെ പ്രസ്താവന ഒട്ടും ആകസ്മികമായിരുന്നില്ല...
text_fieldsകോഴിക്കോട്: കേരളത്തിലെ ലവ് ജിഹാദ് വിഷയത്തിൽ തന്‍റെ പ്രസ്താവന വിവാദമായതോടെ, ഇടതുസർക്കാറിന്‍റെ വികസനപ്രവർത്തനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന പ്രതികരണവുമായി ജോസ് കെ. മാണി. തന്‍റെ പ്രസ്താവനയിൽ ഇടതുമുന്നണിയിലടക്കം കടുത്ത എതിർപ്പുയർന്നതോടെയാണ് ജോസ് മലക്കം മറിഞ്ഞത്. തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകേണ്ടത് ഇടതുസർക്കാറിന്‍റെ പ്രവർത്തനങ്ങളാണെന്നും ലവ് ജിഹാദ് വിഷയത്തിൽ ഇടതുമുന്നണിയുടെയും ഇടതുസർക്കാറിന്‍റെയും നിലപാടാണ് തങ്ങൾക്കുള്ളതെന്നുമാണ് കേരള കോൺഗ്രസ് (എം) നേതാവും പാലായിലെ ഇടതു സ്ഥാനാർഥിയുമായ ജോസിന്‍റെ ഒടുവിലത്തെ വിശദീകരണം.
എന്നാൽ, ലവ് ജിഹാദുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി നടത്തിയ പ്രസ്താവന ആകസ്മികമായിരുന്നില്ല എന്ന് വ്യക്തമാവുകയാണ്. ലവ് ജിഹാദുമായ ബന്ധപ്പെട്ട കേസുകൾ പരിശോധിക്കണമെന്നും ഇതുസംബന്ധിച്ച സംശയം ദൂരീകരിക്കണമെന്നും ജോസ് ആവശ്യമുന്നയിച്ചതാണ് വിവാദമായി മാറിയത്. ഞായറാഴ്ച ചാനൽ അഭിമുഖത്തിൽ ജോസ് കെ.മാണി പറഞ്ഞ അഭിപ്രായമാണ് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കേരളത്തിൽ വലിയ ചർച്ചക്ക് വഴിയൊരുക്കിയത്.
എന്നാൽ, അതിനും ഒരു ദിവസം മുമ്പ് ദേശീയ ഓൺലൈൻ മാധ്യമമായ 'ദ പ്രിന്‍റിന്' നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇക്കാര്യം ജോസ് കെ. മാണി സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. ''ലവ് ജിഹാദ് ഒരു സാമൂഹിക പ്രശ്നമാണ്. ഇക്കാര്യത്തിൽ ചില കേസുകൾ സംബോധന ചെയ്യപ്പെടേണ്ടതാണ്. ഞങ്ങളുടെ പാർട്ടി തീർച്ചയായും അവ അഡ്രസ് ചെയ്യും. ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അവ മുഖവിലക്കെടുക്കേണ്ടതു തന്നെയാണ്. '' ദ പ്രിൻറ് ലേഖിക ഫാത്തിമ ഖാന് നൽകിയ അഭിമുഖത്തിൽ ജോസ് കെ.മാണി പറഞ്ഞതിങ്ങനെ. 'ലവ് ജിഹാദ് വിഷയത്തിൽ ചില പ്രശ്നങ്ങളും ആശങ്കകളുമൊക്കെയുണ്ട്. ഇത്തരം കേസുകളുണ്ടാകുേമ്പാൾ സർക്കാർ അതിൽ വ്യക്തത വരുത്തണം. അവ അഡ്രസ് ചെയ്യപ്പെടുകയും നിർത്തലാക്കുകയും വേണം' -ജോസ് കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെയാണ് കേരളത്തിലെ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം ആവർത്തിച്ചത്. 'ലവ് ജിഹാദ് പ്രശ്നം പരിശോധിക്കണം. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അഡ്രസ് ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന് പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം.'-ചാനൽ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന് വിഷയം വീണ്ടും ചർച്ചയാകുന്നതിനാൽ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്‍റെ മറുപടി.
ഇതോടെ ജോസിന്‍റെ നിലപാടുകൾ ചർച്ചയായി. ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപെടെയുള്ളവർ ജോസിന്‍റെ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ലൗ ജിഹാദ് മതമൗലികവാദികളുടെ പ്രചാരണമാണെന്ന് രൂക്ഷമായ ഭാഷയിൽ കാനം പ്രതികരിച്ചതോടെ കോരള കോൺഗ്രസ് (എം) ഒറ്റപ്പെടുന്ന അവസ്ഥയിലായി. അതോടെയാണ്, അത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്ന് പറഞ്ഞ് വീണ്ടും ജോസ് രംഗത്തുവന്നത്. അപ്പോഴും ലൗ ജിഹാദ് വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.