'അരിയിൽ ഷുക്കൂറിൻെറ ഖബറിടത്തിൽ പോയി സി.പി.എം നേതാക്കൾ പരസ്യമായി ക്ഷമ പറയണം'
text_fieldsകണ്ണൂർ: പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ അരിയിൽ ഷുക്കൂറിന്റെ ഖബറിടത്തിൽ പോയി പരസ്യമായി ക്ഷമ പറയാൻ സി.പി.എം നേതാക്കളും പി. ജയരാജനും തയാറാവണമെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി.
റോഡരികിൽ നിൽക്കുകയായിരുന്ന ഷുക്കൂറിൻെറയും കൂട്ടുകാരുടെയും ഇടയിലേക്ക് അതിവേഗത്തിൽ പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം വന്നപ്പോൾ ഭയചകിതരായി കുട്ടികൾ ഓടുന്ന ദൃശ്യം ആക്രമിക്കാൻ വന്നതാണെന്ന വ്യാജ പ്രചരണത്തിന് ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു.
അയ്യൂബ്, ഹാരിസ്, സലാം, സക്കറിയ തുടങ്ങിയവരെ കണ്ണപുരത്തെ കീഴറയിൽ തടഞ്ഞുവെച്ച് വിചാരണ നടത്തി ഒടുവിൽ ഷുക്കൂറിനെ നിഷ്ഠൂരമായി കൊല ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതാണ്.
രാഷ്ട്രീയപ്രവർത്തകരെ കൊലപ്പെടുത്താൻ മനുഷ്യത്വം മരവിച്ച കിരാതന്മാർ ചെയ്യുന്ന രൂപത്തിൽ വ്യാജ കഥയുണ്ടാക്കി ഗൂഢാലോചന നടത്തി കൊലപ്പെടുത്തുന്ന സി.പി.എം ശൈലിക്കുള്ള നീതിന്യായ വ്യവസ്ഥയുടെ കനത്ത പ്രഹരമാണിത്. കൗമാരക്കാരനായ വിദ്യാർത്ഥിയെ കൊലചെയ്യാൻ വരെ വ്യാജ പ്രചരണം നടത്തുന്ന സി.പി.എം ജനാധിപത്യ ധാർമ്മികത കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പൊതുസമൂഹത്തോട് ചെയ്ത തെറ്റിന് മാപ്പ് പറയാൻ തയാറാകണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
'അരിയിൽ ഷുക്കൂറിനെ കൊന്നവർ മാപ്പു പറയണം'
കണ്ണൂർ: പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയുടെ വെളിച്ചത്തിൽ അരിയിൽ ഷുക്കൂറിൻെറ നിഷ്ഠൂര കൊലപാതകം ആസൂത്രണം ചെയ്തവരും ഗൂഢാലോചന നടത്തിയവരും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു.
പി. ജയരാജനെയും ടി.വി. രാജേഷിനെയും മുസ്ലിം ലീഗ് പ്രവർത്തകർ അക്രമിച്ചുവെന്ന വ്യാജപ്രചരണം നടത്തിയാണ് നിരപരാധിയായ ശുക്കൂറിനെ കൊല ചെയ്തത്. കേസിനായി ഹാജരാക്കിയ രേഖകളും ആയുധങ്ങളുമെല്ലാം കൃത്രിമമായി ഉണ്ടാക്കി. സി.പി.എം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ചാണ് ശുക്കൂറിന്റെ അരുംകൊലക്ക് തിരക്കഥയുണ്ടാക്കിയത്. ഈ കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെവിട്ടിരിക്കുന്നത്.
ശുക്കൂർ വധക്കേസിലെ പിന്നാമ്പുറ രഹസ്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ ഉപകരിക്കുന്നതും നീതിന്യായവ്യവസ്ഥയുടെയും കോടതികളുടെയും അന്തസ്സുയർത്തുന്നതുമാണ് കണ്ണൂർ അസിസ്റ്റൻറ് സെഷൻസ് കോടതിയുടെ വിധിയെന്ന് നേതാക്കൾപറഞ്ഞു.
സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണം -അഡ്വ. മാർട്ടിൻ ജോർജ്
കണ്ണൂർ: കോടതി വിധിയുടെ പശ്ചാത്തലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജൻെറ വാഹനം ആക്രമിച്ചു എന്ന പേരിൽ കള്ളക്കേസ് ഉണ്ടാക്കി അരിയിൽ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എമ്മും പി. ജയരാജനും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ജയരാജന്റെ വാഹനം ആക്രമിച്ചു എന്ന് വ്യാജ കേസ് ഉണ്ടാക്കി പ്രതി ചേർത്തവരെ വെറുതെ വിട്ട കോടതി വിധി സ്വാഗതാർഹമാണ്. അരിയിൽ ഷുക്കൂറിനെ കൊല്ലാനായി സി.പി.എം സൃഷ്ടിച്ച വെറും കെട്ട് കഥയായിരുന്നു വാഹന ആക്രമണ കേസ് എന്നും, കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സി.പി.എം എത്ര ആസൂത്രിതമായിട്ടാണ് കൈകാര്യം ചെയ്യുന്നത് എന്നതിൻെറയും തെളിവാണ് ഈ സംഭവം.
ഒരു ഇരയെ കണ്ടുപിടിക്കാൻ കഥകൾ ഉണ്ടാക്കി അവരെ കൊലപ്പെടുത്തുന്ന സി.പി.എം ശൈലിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി.
ആൾകൂട്ടത്തെ സാക്ഷിനിർത്തി ഒരു കുടുംബത്തിൻറെ അത്താണിയാകേണ്ട ചെറുപ്പക്കാരനെ കൊന്നുതള്ളിയ രാക്ഷസീയതക്ക് പി. ജയരാജൻ പൊതുസമൂഹത്തോട് മാപ്പു പറഞ്ഞു ക്ഷമ ചോദിക്കണമെന്ന് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.