അർജുന്റെ കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമീഷൻ
text_fieldsകോഴിക്കോട്: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മകന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമീഷൻ. 'മഴവിൽ കേരളം എക്സ്ക്ലൂസീവ്' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി. ചാനൽ ഉടമയ്ക്ക് നാളെ നോട്ടീസ് നൽകും. പാലക്കാട് സ്വദേശി സിനിൽ ദാസ് നൽകിയ പരാതിയിലാണ് നടപടി.
മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ കുട്ടിയോട് ചോദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അർജുന്റെ രണ്ട് വയസ്സുള്ള മകനോട് ചോദ്യങ്ങൾ ചോദിച്ചതിനെതിരെ സാമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.
ജൂലായ് 16നാണ് ഉത്തരകന്നഡയിലെ അങ്കോലക്കടുത്ത് ഷിരൂരിൽ കുന്നിടിഞ്ഞുവീണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കാണാതാകുന്നത്. പതിമൂന്ന് ദിവസം പിന്നിട്ടിട്ടും അർജുനെയോ അദ്ദേഹം സഞ്ചരിച്ച ലോറിയോ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് കത്തിലൂടെ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
അർജുനായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ശക്തമായ അടിയൊഴുക്കുമൂലമാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ നിർത്തിയത്. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ സംഘവും മടങ്ങി. എപ്പോൾ വിളിച്ചാലും തെരച്ചിലിന് സജ്ജമായിരിക്കുമെന്ന് ഈശ്വർ മാൽപേ പറഞ്ഞു.കാലാവസ്ഥ അനുകൂലമായാൽ ദൗത്യം പുനരാരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ് മന്ത്രി പറഞ്ഞു. ദൗത്യം അതീവ ദുഷ്കരമാണെന്നും അടുത്ത 20 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും സ്ഥലം എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.