മദ്യ കമ്പനി ഏജന്റിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടി
text_fieldsതിരുവനന്തപുരം: കൺസ്യൂമർ ഫെഡ്, ബിവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യം വിൽക്കാൻ കമീഷൻ. മദ്യ കമ്പനി ഏജന്റിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പാലക്കാട് ജില്ലയിലെ മുണ്ടൂർ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. പരിശോധന നടത്തുമ്പോൾ മദ്യ കമ്പനിയുടെ ഏജന്റ്, കഴിഞ്ഞ മാസം വിറ്റ വകയിലുള്ള കമീഷൻ തുകയായ 8,000 രൂപ സെയിൽസ്മാന് കൈമാറുകയായിരുന്നു.
തുടർന്ന് മുണ്ടൂർ കൺസ്യൂമർ ഫെഡിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രീമിയം കൗണ്ടറിലെ മേശക്ക് താഴെ കടലാസ് ചുരുളുകളിൽ വിവിധ കമ്പനികൾ നൽകിയ നിലയിൽ 15,180 രൂപയും വിജിലൻസ് കണ്ടെടുത്തു. തുടർന്ന് മദ്യ കമ്പനി ഏജന്റുമാർ വന്ന വാഹനം പരിശോധിച്ചു. അതിൽ 43 ബ്രൗൺ കവറുകളിലായി പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട് ലെറ്റുകളുടെ പേര്, കമീഷൻ തുക എന്നിവ രേഖപ്പെടുത്തിയ 1,78,340 രൂപയും വിജിലൻസ് പിടികൂടി. ആകെ 2,01,520 രൂപ വിജിലൻസ് ഇന്ന് പിടികൂടി. സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ വഴിയും, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ വഴിയും ചില ജീവനക്കാർ സർക്കാർ മദ്യം വിൽപ്പന നടത്താൻ മടി കാണിക്കുന്നതായും എന്നാൽ സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം കമീഷൻ വാങ്ങി ഔട്ട് ലെറ്റുകളിൽ പ്രദർശിപ്പിച്ച് കൂടുതൽ വിൽപ്പന നടത്താൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം നിരവധി ദിവസം നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് കമീഷനുമായി വന്ന സ്വകാര്യ മദ്യ ഡിസ്റ്റിലറിയിലെ ഏജന്റുമാരെ പിന്തുടർന്ന് കൈയോടെ പിടികൂടാനായത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു മദ്യ കമ്പനിയുടെ ഏജന്റിന്റെ കൈയിൽ നിന്നും കഴിഞ്ഞ മാസം ഒൻപതാം തിയതി ഒറ്റപ്പാലം കൺസ്യൂമർ ഫെഡിലെ ജീവനക്കാർക്ക് കമീഷനായി നൽകാൻ കൊണ്ടുവന്ന 51,500 രൂപയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പിടികൂടിയിരുന്നു.
പാലക്കാട് ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ പാലക്കാട് വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി സി.എം.ദേവദാസും ഇൻസ്പെക്ടറായ ബിൻസ് ജോസഫ് പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉവൈസ്, സുബാഷ്, രാകേഷ്, രഞ്ജിത് സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ജിഥിൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.