കമീഷൻ റിപ്പോർട്ടും ശരിവെക്കുന്നത് നടപടികളിലെ വീഴ്ചകൾ
text_fieldsപെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ ഫലവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നത് നടപടികളിലെ വീഴ്ചകൾ. 348 തപാൽ ബാലറ്റ് എണ്ണാതെയാണ് ഫലം പ്രഖ്യാപിച്ചതെന്ന ഇടത് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷൻ റിപ്പോർട്ട് നൽകിയത്.
പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച തപാൽവോട്ടുകളടങ്ങിയ പെട്ടി ജനുവരി 16ന് ഹൈകോടതിയിലേക്ക് മാറ്റാനായി സ്ട്രോങ് റൂം തുറന്നപ്പോൾ കാണാതാവുകയും തുടർന്ന് മലപ്പുറത്ത് സഹകരണ ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽ കണ്ടെത്തുകയും ചെയ്തിരുന്നു. വോട്ടുപെട്ടി സൂക്ഷിച്ചത് വേണ്ടത്ര സൂക്ഷ്മതയില്ലാതെയും മാർഗനിർദേശങ്ങൾ പാലിക്കാതെയുമാണെന്നാണ് കമീഷൻ നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ സബ്ട്രഷറി ഓഫിസർ എൻ. സതീഷ് കുമാർ, ട്രഷററായിരുന്ന എസ്. രാജീവ് എന്നിവരെ ട്രഷറി ഡയറക്ടർ വി. സാജൻ സസ്പെന്റ് ചെയ്തിരുന്നു. വോട്ടുപെട്ടി മലപ്പുറത്തുനിന്ന് കണ്ടെത്തിയ ശേഷം പെരിന്തൽമണ്ണ സബ് കലക്ടർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലും അഞ്ചാം ടേബിളിൽ എണ്ണിയ 482 തപാൽവോട്ട് കാണാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 16 ഡിവിഷനുകളിലെ തപാൽവോട്ടുകളും ഇതേ ട്രഷറിയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരുന്നതെന്നും അവ നിശ്ചിത കാലം കഴിഞ്ഞ് നശിപ്പിക്കാനായി വാങ്ങിയപ്പോൾ, പെട്ടിയിലെ നമ്പർ സമാനരൂപത്തിൽ ഉള്ളതിനാൽ അബദ്ധത്തിൽ മാറി നൽകിയതെന്നുമാണ് ട്രഷറി ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. അന്ന് പുറത്തുവന്ന മുഴുവൻ വീഴ്ചകളും കമീഷൻ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആവർത്തിക്കുന്നുണ്ട്. കാണാതായ 482 ബാലറ്റുകളും എണ്ണിയ വോട്ടുകളാണ്.
കോവിഡ് കാലത്ത് 80 വയസ്സ് കഴിഞ്ഞവരുടെ വീടുകളിൽ പോയി പോളിങ് ഓഫിസർമാർ ബാലറ്റ് നൽകി ചെയ്യിപ്പിച്ച 348 സ്പെഷൽ തപാൽ വോട്ടുകൾ എണ്ണിയില്ലെന്നും അതിന്റെ കൂടെയുള്ള ഫോറത്തിൽ ക്രമ നമ്പറും പോളിങ് ഓഫിസറുടെ ഒപ്പും സീലും ഇല്ലാത്തത് സ്ഥാനാർഥിയുടെ വീഴ്ചയല്ലെന്നുമാണ് കെ.പി.എം മുസ്തഫയുടെ പരാതി. ഈ 348 വോട്ടുകൾ തുറന്ന് എണ്ണണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വോട്ടുപെട്ടികണ്ടെടുത്ത ശേഷമാണ് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനെ കക്ഷി ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.