കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു
text_fieldsതിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നത് ഉറപ്പുവരുത്താനും ബാങ്കിന്റെ പുനരുദ്ധാണത്തിന് വേണ്ടിയുള്ള പാക്കേജ് തയാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു. സഹകരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷ് ഐ.എ.എസ്, കേരള ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ നിസാമുദീന്‍, കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിനില്‍, കണ്ടല ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ജെ. അജിത്ത് കുമാര്‍, കമ്മിറ്റി അംഗങ്ങളായ ഉപേന്ദ്രന്‍ കെ, സുരേഷ് കുമാര്‍ കെ. എന്നിവരാണ് പുനരുദ്ധാണ പാക്കേജ് തയാറാക്കുന്ന സമിതിയിലെ അംഗങ്ങള്‍.
സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള ബാങ്ക്, മറ്റിതര സഹകരണ മേഖലയില്‍ കണ്ടല ബാങ്കിന് നിലവിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, വായ്പക്കുടിശ്ശിക പിരിച്ചെടുക്കല്‍ എന്നിവയിലൂടെയും പണം കണ്ടെത്തുവാനാണ് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്. ഇതിനൊപ്പം ഡെപ്പോസിറ്റ് കാമ്പയിനിലൂടെയും എം.ഡി.എസിലൂടെയും ബാങ്ക് സ്വരൂപിക്കുന്ന നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് തീരുമാനം.
കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ആദ്യ പരാതി ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയാണ് ക്രമക്കേടിന് ഉത്തരവാദികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും നടന്നു കൊണ്ടിരിക്കുകയാണ്. 2017ല്‍ 'മലയിന്‍കീഴ് പൗരസമിതി'യുടെ പരാതിയെ തുടര്‍ന്നാണ് ബാങ്കില്‍ അന്വേഷണം ആരംഭിച്ചത്. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ നിയമം അനുസരിച്ച് പലതവണ തിരുത്തല്‍ നടപടികള്‍ക്ക് അവസരം നല്‍കി. എന്നാല്‍ തിരുത്തലിനു ശ്രമിക്കാതെ സംഘം പ്രസിഡന്റ് ഭാസുരാംഗന്‍ തുടര്‍നടപടികള്‍ക്കെതിരേ ഹൈകോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങി.
ഇതിനെതിരെ ഹൈകോടതില്‍ കേസ് നടത്തിയാണ് അന്വേഷണം നടത്താനുള്ള ഉത്തരവ് സഹകരണ വകുപ്പ് നേടിയെടുത്തത്. 2021 നവംബറില്‍ അസിസ്റ്റന്റ് രജിസ്ട്രാറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. 2022 മാര്‍ച്ചില്‍ രജിസ്ട്രാര്‍ ബാങ്കിന്റെ വിശദീകരണം തേടി. രണ്ടുമാസം കഴിഞ്ഞാണ് വിശദീകരണം നല്‍കിയത്. തൃപ്തികരമല്ലാത്തതിനാല്‍ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ് നിര്‍ദേശം നല്‍കി. ഭരണസമിതിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം ജൂണില്‍ ഭാരവാഹികളുടെ വാദംകേട്ടു. ഈ വാദം കേള്‍ക്കലിനെതിരെയും പ്രസിഡന്റ് ഭാസുരാംഗന്‍ ഹൈകോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കി. കേസ് നടപടികള്‍ പൂര്‍ത്തീകരിച്ച് 2023 ഫെബ്രുവരിയില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ സഹകരണ നിയപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും പണം ഈടാക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ പണം തിരികെ നല്‍കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.
ബാങ്കിലെ ക്രമക്കേട് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് സമയോചിതമായി നടപടിയെടുക്കാൻ സഹകരണ വകുപ്പും സംസ്ഥാന സര്‍ക്കാരും ഇടപെടൽ നടത്തിയിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുത്ത് നിക്ഷേപകന് പോലും ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തില്‍ സംരക്ഷണം നല്‍കുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.