കോശി കമീഷൻ റിപ്പോർട്ട് ശിപാർശ പഠിക്കാൻ സമിതി; അതൃപ്തിയുമായി ക്രൈസ്തവ സഭകൾ
text_fieldsതൃശൂർ: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള കോശി കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ സമിതിയെ നിയോഗിച്ച സർക്കാർ നടപടിയിൽ ക്രൈസ്തവ സഭകൾക്കുള്ളിൽ അതൃപ്തി.
റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തോളമാകുമ്പോഴാണ് പുതിയ സമിതിയെ നിയോഗിക്കുന്നത്. ഇത് ആസൂത്രിതമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് സഭകൾക്കുള്ളിലുയരുന്ന വിമർശനം. ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായി പൊതുഭരണ സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും യോഗം ചേർന്ന് ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തണമെന്നും ഇതിനായി പ്രവർത്തന പദ്ധതിക്ക് രൂപം നൽകണമെന്നുമാണ് സർക്കാർ ഉത്തരവിലുള്ളത്.
ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകണമെന്നും ഒരു മാസത്തിനകം മന്ത്രിസഭ യോഗത്തിന് പരിഗണിക്കാൻ കഴിയുന്ന തരത്തിൽ ആദ്യഘട്ട ശിപാർശകൾ സമർപ്പിക്കണമെന്നാണ് സമിതിയെ നിയോഗിച്ച ഉത്തരവിലുള്ളത്. ഇതോടെ തെരഞ്ഞെടുപ്പ് കഴിയുമെന്നും അതുവരെ സമുദായത്തെ കൂടെ നിർത്താൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നതെന്നുമാണ് സഭകൾക്കുള്ളിലുയർന്ന വിമർശനം. കഴിഞ്ഞ വർഷം മേയിലാണ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
ക്രൈസ്തവ സഭകൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ റിപ്പോർട്ട് പുറത്തുവിടുകയോ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിശദീകരിച്ച് നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിസഭ യോഗവും റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. റിപ്പോർട്ട് നടപ്പാക്കണമെന്ന് വ്യാപക ആവശ്യമുയർന്നതിനെ തുടർന്ന് ആശ്വസിപ്പിക്കാനെന്ന നിലയിലാണ് ഇപ്പോൾ ശിപാർശകൾ നൽകാൻ കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായം അറിയിക്കാൻ വിവിധ വകുപ്പുകൾക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നാണ് ഇതുവരെ സർക്കാർ പറഞ്ഞിരുന്നത്.
എന്നാൽ, ഇതുവരെ സർക്കാർ വകുപ്പുകൾ പ്രതികരിച്ചിട്ടില്ല. ഇതിനിടയിലാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.