സാധാരണക്കാരന്റെ ട്രെയിനുകൾ ഇനിയുമെത്തിയില്ല ; കീശ ചോരാതെ യാത്ര ചെയ്യാൻ കാത്തിരിക്കണം
text_fieldsതൃശൂർ: ബസ് ചാർജ് വർധിക്കുമെന്ന ആശങ്ക നിലനിൽക്കെ, ഇനിയും എത്തിയില്ല പാസഞ്ചർ ട്രെയിനുകളും ഒപ്പം മെമുവും. സാധാരണക്കാർക്ക് കീശ ചോരാതെ യാത്ര ചെയ്യാനാവുന്ന ഈ ട്രെയിനുകൾക്കായി വർഷമൊന്നായി ജനം കാത്തിരിക്കുകയാണ്.
ഇവയെല്ലാം സ്പെഷൽ ട്രെയിനുകളാക്കി സർവിസ് നടത്തി യാത്രക്കാരെ പിഴിയുകയാണ് റെയിൽവേ. എന്നാൽ, ഈ സ്പെഷൽ ട്രെയിനുകളിൽ ആവശ്യത്തിന് ജനറൽ കമ്പാർട്ട്മെന്റ് ഒരുക്കാതെ കൂടിയ തുകക്ക് യാത്ര ചെയ്യേണ്ട ഗതികേടാണ്. ചുരുക്കം ചില ട്രെയിനുകളിൽ മാത്രമാണ് പഴയ നിലയിൽ ജനറൽ കമ്പാർട്ട്മെന്റുകൾ വിന്യസിച്ചത്.
പുലർച്ച 5.55ന് പുറപ്പെടുന്ന തൃശൂർ-കണ്ണൂർ പാസഞ്ചറും ട്രാക്കിൽ ഓടിയിട്ട് മാസങ്ങളായി. എറണാകുളം-ഗുരുവായൂർ പാസഞ്ചർ, കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ, ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിനുകൾ അടക്കമുള്ളവ സർവിസ് നടത്തിയിട്ട് മാസങ്ങൾ പിന്നിട്ടു.
അതിനിടെ ഷൊർണൂർ-എറണാകുളം മെമു ഒപ്പം പാലക്കാട്-എറണാകുളം മെമുവും സർവിസ് നടത്തി. ഷൊർണൂർ-എറണാകുളം, എറണാകുളം-ഷൊർണൂർ പാസഞ്ചറും ഓടിത്തുടങ്ങി. ഗുരുവായൂർ-എറണാകുളവും ട്രാക്കിലുണ്ട്. എന്നാൽ, ഇവയെല്ലാം എക്സ്പ്രസ് ട്രെയിനുകളായാണ് ഓടുന്നത്. ഇതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഒരു ഗുണവുമില്ല. അതിനിടെ നേരേത്ത പാസഞ്ചറായി സർവിസ് നടത്തിയ കോട്ടയം-നിലമ്പൂർ, ഗുരുവായൂർ-പുനലൂർ ട്രെയിനുകൾ സ്ഥിരമായി എക്സ്പ്രസ് ആക്കുകുയും ചെയ്തു.
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അധികാരികൾക്ക് പരാതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലേ സാധാരണ ട്രെയിനുകൾ സർവിസ് നടത്തുകയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്.
വേണം യാത്രക്കൂലിയിൽ പുനർവിചിന്തനം
തൃശൂർ: കുറഞ്ഞ ചെലവിൽ പൊതുഗതാഗതം സാധ്യമാവുന്നവർക്ക് ഏറെ അനുഗ്രഹമായിരുന്ന പാസഞ്ചർ ട്രെയിനുകൾ ഇല്ലാതായതോടെ യാത്രക്കൂലി കൂടി. പാസഞ്ചർ ട്രെയിനുകൾക്ക് മിനിമം ചാർജ് 10 രൂപയായിരുന്നു. എന്നാൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് 30 രൂപയാണ് മിനിമം ചാർജ്. 50 കിലോ മീറ്റർ വരെയാണിത്. കുറഞ്ഞ കിലോമീറ്ററിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ചെലവേറിയതാണ്.
ഇതിന് പകരം ദൂരം കുറച്ച് ചാർജ് കുറക്കുന്ന സംവിധാനം ഏർപ്പെടുത്തിയാൽ കുറഞ്ഞ ദൂരം യാത്ര ചെയ്യുന്നവർക്ക് അനുഗുണമായിരിക്കും കാര്യങ്ങൾ. ഇതിന് റെയിൽവേ മന്ത്രാലയം തുനിഞ്ഞാൽ വലിയ വരുമാനമാറ്റം വുകുപ്പിനുണ്ടാവും. മുഴുവൻ ട്രെയിനുകൾക്കും ടിക്കറ്റ് മുൻകൂട്ടി രജിസ്റ്റർ ചെയ്തുതന്നെ വാങ്ങണമെന്ന നടപടിയും പിൻവലിച്ചേ മതിയാവൂ. എല്ലാ ട്രെിനുകൾക്കും സാധാരണ ടിക്കറ്റ് ലഭിക്കുന്നതിന് സൗകര്യം ഒരുക്കാതെ രക്ഷയില്ല.
സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കും
തൃശൂർ: നിലവിൽ ട്രെയിനുകൾ നിർത്താത്ത മുള്ളൂർക്കര, നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി സ്റ്റേഷനുകളിൽ വൈകാതെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കും. പാസഞ്ചറുകൾ എക്സ്പ്രസ് ട്രെയിനുകൾ ആക്കിയെങ്കിലും നേരേത്ത സ്റ്റോപ് അനുവദിച്ചിരുന്ന സ്റ്റേഷനുകളിൽ ഇവ നിർത്തിയിരുന്നു.
എന്നാൽ, സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പിന് കരാർ നൽകിയിരുന്ന ഈ സ്റ്റേഷനുകളിലെ നടത്തിപ്പ് കരാർ അവസാനിച്ചതാണ് സ്റ്റോപ് ഇല്ലാതാവാൻ കാരണം. പുതിയ കരാർ നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം വീണ്ടും ഈ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.