ന്യൂനപക്ഷ നേതൃത്വ'ത്തിൽ തട്ടി വർഗീയ-രാഷ്ട്രീയ വിവാദം
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതൃനിരയിൽ ന്യൂനപക്ഷം തഴയപ്പെടുന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സംസ്ഥാനത്ത് പുതിയ വർഗീയ-രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിടുന്നു.
സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ ആദ്യം തൊടുത്തുവിട്ട വിമർശനം കുറച്ചുകൂടി മൂർച്ച കൂട്ടി കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ കൂടി ഉൾപ്പെടുത്തി കോടിയേരി ചൊവ്വാഴ്ച ആവർത്തിച്ചു. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾ തഴയപ്പെടുന്നെന്നാണ് ആരോപണം. ഇത് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വനയത്തിന്റെ ഭാഗമാണെന്നും കോടിയേരി തുറന്നടിച്ചു. എന്നാൽ, സി.പി.എം നേതൃനിരയിലേക്ക് വിരൽചൂണ്ടിയും ആരോപണത്തിലെ വർഗീയത ചൂണ്ടിക്കാട്ടിയുമാണ് കോൺഗ്രസിന്റെ തിരിച്ചടി. കേരളത്തിൽ രാഷ്ട്രീയ വിഷയങ്ങൾക്കുപകരം നേതാക്കളുടെ ജാതിയും മതവും ചർച്ചയാകുന്നതിലെ അതൃപ്തി ഇരുപക്ഷത്തുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ യു.ഡി.എഫില്‍നിന്ന് അകറ്റി ഒപ്പംനിർത്തുകയെന്ന തന്ത്രമാണ് കോടിയേരി പുറത്തെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വന്തമാക്കിയ നേട്ടം അടുത്ത തവണ ആവർത്തിക്കാതിരിക്കാൻ മുൻകൂട്ടി നിലമൊരുക്കുകയെന്ന ലക്ഷ്യവും വിവാദത്തിനുപിന്നിലുണ്ടാകാം. അതേസമയം, തുടർഭരണം കിട്ടി ഒരു വർഷമായിട്ടും ഭരണത്തിൽ മുന്നേറ്റമുണ്ടായില്ലെന്ന പരാതികൾക്കൊപ്പം സില്‍വര്‍ലൈന്‍ ഉൾപ്പെടെ വിവാദങ്ങളിൽപെട്ട് ജനങ്ങളിൽനിന്ന് സർക്കാർ അകലുന്നെന്ന തോന്നലും ശക്തമാണ്. അതിനാൽ 'ന്യൂനപക്ഷ നേതൃവിവാദ'ത്തിന്റെ ലക്ഷ്യം വിവാദ വിഷയങ്ങളിലെ ചര്‍ച്ച വഴിമാറ്റിവിടുകയെന്ന തന്ത്രമാണെന്ന വാദവും ശക്തമാണ്. സംഘടന-ഭരണ നേതൃത്വത്തിൽ ന്യൂനപക്ഷ സമുദായാംഗങ്ങളെ സി.പി.എം പരിഗണിച്ചിട്ടില്ലെന്ന് മറുപടി നൽകുന്ന കോൺഗ്രസ് നേതാക്കൾ, സംഘ്പരിവാറിന് സമാനമായ വർഗീയതയാണ് കോടിയേരി പറയുന്നതെന്നും കുറ്റപ്പെടുത്തുന്നു.
പുതിയ നേതൃത്വം വന്നതോടെ, സംസ്ഥാന കോൺഗ്രസ് സജീവമായിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സി.പി.എം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
അതേസമയം, നേതൃത്വത്തിലെ ന്യൂനപക്ഷ അസാന്നിധ്യം ചൂണ്ടിക്കാട്ടുക വഴി പദവിക്കുവേണ്ടി തമ്മിലടിക്കുന്നതിൽ ഹരമുള്ള കോൺഗ്രസ് നേതാക്കൾ അത് തർക്കത്തിനുള്ള വിഷയമാക്കുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
കോടിയേരി വർഗീയത പറയുന്നു- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷക്കാർ ഇല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം മൂന്നാംകിട വർത്തമാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പച്ചക്ക് വർഗീയത പറഞ്ഞ് മുഖ്യമന്ത്രിയുമായി കോടിയേരി മത്സരിക്കുകയാണ്.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികൾക്ക് വെള്ളവും വളവും നൽകാനാണ് സി.പി.എമ്മും പിണറായിയും കോടിയേരിയും ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇത്തരത്തിൽ പറയുംമുമ്പ് അദ്ദേഹം സ്വന്തം കണ്ണാടിയിൽ നോക്കണമായിരുന്നു. സി.പി.എമ്മിന്റെ ദേശീയ ജന.സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, നിലവിലെ ജില്ല സെക്രട്ടറിമാർ എന്നിവരൊക്കെ ആരെന്ന് 'വൈദ്യർ' പരിശോധിച്ച് സ്വയം ചികിത്സിച്ചിട്ട് മതി കോൺഗ്രസിന്റെ കാര്യത്തിലുള്ള പരിശോധന -അദ്ദേഹം പറഞ്ഞു.
കാർഡ് മാറ്റി കളിക്കുന്നു -കുഞ്ഞാലിക്കുട്ടി
മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാർഡ് മാറ്റി കളിക്കുന്നത് കൊള്ളാമെന്നും അത് ഗുണകരമാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. നേരത്തേ കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി-കുഞ്ഞാലിക്കുട്ടി എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരോപിച്ചത് ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി എന്നായിരുന്നു.
കോടിയേരിയെ പോലെയുള്ള മുതിർന്ന നേതാവ് ഈ രീതിയിൽ പറയുന്നത് നല്ലതല്ല. പരസ്പര വിരുദ്ധമായാണ് പണ്ടും ഇപ്പോഴും പറയുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യം കണ്ണ് തട്ടാതിരിക്കാൻ മാത്രമുള്ള പാർട്ടിയാണ് സി.പി.എം. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസില്ലാതെ എങ്ങനെയാണ് സാധിക്കുക.
പാർലമെന്റിലെ സി.പി.എമ്മിന്റെ നാമമാത്ര പ്രാതിനിധ്യം പോലും കോൺഗ്രസ് സഹായത്തോടെയുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.