വര്‍ഗീയ വിഭജനനീക്കം ചെറുക്കണം -മുഖ്യമന്ത്രി
text_fieldsആമ്പല്ലൂര്‍ (തൃശൂർ): രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ഏത് കൊലകൊമ്പന്‍ വന്നാലും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്.വൈ.എസ് കേരള യുവജന സമ്മേളനഭാഗമായി നടന്ന പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്താകെയുള്ളത്. സംഘ്പരിവാറിന്റെ ഗുണ്ടാ സ്ക്വാഡുകള്‍ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുന്നു. ധീരമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നിരവധി പേര് കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു.
മാധ്യമസ്ഥാപനങ്ങള്‍ വേട്ടയാടപ്പെടുന്നു. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തള്ളിപ്പറയാനോ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. വര്‍ഗീയത പടര്‍ത്താനും വിഭജനമുണ്ടാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അജ്മീര്‍ ദര്‍ഗയുടെ മേല്‍ വരെ അവകാശം ഉന്നയിക്കുന്നത് വിഭജനം ലക്ഷ്യമിട്ടാണ്. ആരാധനാലയ സംരക്ഷണനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ചെറുക്കണം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
അഡ്വ. ഹാരിസ് ബീരാന് എം.പി, കെ.കെ. രാമചന്ദ്രന് എം.എല്‍.എ, ഹജ്ജ് കമ്മിറ്റി ചെയര്മാന് അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി എന്നിവർ സംസാരിച്ചു. ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഡോ. മുഹമ്മദ് ഖാസിം, മുന്‍ എം.പി ടി.എന്‍. പ്രതാപന്, പേരോട് അബ്ദുറഹ്മാന് സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, ന്യൂനപക്ഷ കമീഷന് അംഗം എ. സൈഫുദ്ദീന് ഹാജി, ത്വാഹ തങ്ങള്‍ സഖാഫി, എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു.
സമ്മേളനം ഇന്ന് സമാപിക്കും
തൃശൂര്‍: എസ്.വൈ.എസ് കേരള യുവജന സമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് ആറരക്ക് സമാപന സമ്മേളനം ജോര്‍ദാന്‍ പണ്ഡിതന് ഔന് മുഈന്‍ അല്‍ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നേതൃഭാഷണം നടത്തും. ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി വി. അബ്ദുറഹ്മാന്, എം.എ. യൂസുഫലി, ജോയ് ആലുക്കാസ് എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.