ഭീതിയും അക്രമവുമില്ലാതെ വർഗീയ ശക്തികൾക്ക് മുന്നോട്ട് പോകാനാകില്ല -ടീസ്റ്റ സെറ്റൽവാദ്
text_fieldsതിരുവനന്തപുരം: ഭീതി ഉണ്ടാക്കാതെയും അക്രമം കാട്ടാതെയും രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ വർഗീയശക്തികൾക്ക് സാധിക്കുമോയെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്. നീതിന്യായ വ്യവസ്ഥയെ പോലും ക്രിമിനൽവൽക്കരിക്കുകയാണ് അവർ ചെയ്യുന്നത്. പ്രതിഷേധിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരം നൽകുന്ന നിയമം ഗുജറാത്തിൽ നിലവിൽ വന്നിരിക്കുന്നു. ഒരു നൂറ്റാണ്ടായി ആസൂത്രണം ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് വർഗീയശക്തികൾ അധികാരം നേടിയെടുത്തതെന്നും ടീസ്റ്റ പറഞ്ഞു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മതേതര രചനകളുടെ പ്രാധാന്യവും സമകാലിക വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ടീസ്റ്റ.
അക്രമം ഒരു വശത്ത് തുടരുമ്പോഴും വർഗീയശക്തികളുമായി സംഭാഷണത്തിന് തുടക്കമിട്ടാൽ മാത്രമേ കൂടുതൽ ലിബറൽ ഇടങ്ങൾ കണ്ടെത്താനാകൂവെന്ന് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോൾ പറഞ്ഞു. മറുപക്ഷത്തോട് സംവദിച്ചാൽ മാത്രമേ വെറുപ്പിലൂടെ ആളുകളെ കൂട്ടുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനാകൂ. സംവാദത്തിന് ഇടമില്ല എന്ന തോന്നലിൽ ഉപേക്ഷിക്കുന്ന ഇടങ്ങളിലാണ് വർഗീയത പിടിമുറുക്കുന്നതെന്നും രേവതി ലോൾ അഭിപ്രായപ്പെട്ടു.
സ്വീകാര്യത ഇല്ലാത്ത ഇടങ്ങളിലും ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന പ്രക്രിയയിലൂടെയാണ് വർഗീയത വളരുന്നതെന്ന് മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിലടക്കം ഈ തന്ത്രം പ്രയോഗിച്ചാണ് വർഗീയ ശക്തികൾ കടന്നുകൂടിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.