ക്രൈസ്തവ സഭകളുടെ പേരിൽ വർഗീയ പ്രചാരണം; സംഘടനകൾക്കെതിരെ പ്രതിഷേധം ശക്തം
text_fieldsകൊച്ചി: ക്രൈസ്തവ സഭകളുടെ പേരിൽ വർഗീയ വിദ്വേഷവും മുസ്ലിം വിരുദ്ധതയും വളർത്താൻ ആസൂത്രിത ശ്രമം നടത്തുന്ന സംഘടനകൾക്കെതിരെ പ്രതിഷേധം ശക്തം. ക്രിസ്ത്യൻ വിശ്വാസി സമൂഹത്തിെൻറ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ നടപടിയെ വിവിധ സഭാ നേതൃത്വങ്ങൾതന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
പ്രവർത്തനത്തിൽ ഏറെ ദുരൂഹതയുള്ള സംഘടനകൾ അങ്ങേയറ്റം പ്രകോപനപരവും സാമുദായിക സൗഹാർദം തകർക്കുന്ന വിധത്തിലുമുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങൾ വഴി നടത്തുന്നത്.ഇൻറർചർച്ച് ലെയ്റ്റി കൗൺസിൽ എന്ന സംഘടന ഹലാൽ ഉൽപന്നങ്ങൾ, പള്ളികളിലെ ബാങ്കുവിളി എന്നീ വിഷയങ്ങളിൽ വർഗീയത നിറഞ്ഞ പരാമർശങ്ങളടങ്ങിയ പ്രസ്താവനകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.
ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിക്കണമെന്നും പള്ളികളിൽ കോളാമ്പിവെച്ച് ഉച്ചത്തിൽ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്നുമായിരുന്നു പ്രസ്താവനയിലെ ആവശ്യം. ജോർജ് മാത്യു എന്നയാളുടെ പേരിലുള്ള പ്രസ്താവനയുടെ താഴെ 12 ക്രൈസ്തവ സഭകളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു സംഘടനയുമായി ബന്ധമില്ലെന്നും സംഘടന നിലപാടുകളെ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും സിറോ മലബാർ സഭ നേതൃത്വം വ്യക്തമാക്കി.
ഇൻറർ ചർച്ച് ലെയ്റ്റി കൗൺസിൽ, കാസ, ക്രോസ് തുടങ്ങിയ പേരുകളിലുള്ള സംഘടനകൾ തങ്ങളുടെ അജണ്ടകൾ നിറവേറ്റാൻ രാഷ്ട്രീയ പാർട്ടികൾ തന്നെ മുൻകൈ എടുത്ത് രൂപവത്കരിച്ചതാണെന്ന് സംശയിക്കുന്നതായി അൽമായ കൂട്ടായ്മയായ സഭാ സുതാര്യ സമിതി (എ.എം.ടി) ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.
ഇൗ സംഘടനകളെല്ലാം ആർ.എസ്.എസ് മുദ്രാവാക്യങ്ങൾ ഏറ്റെടുക്കുന്നതും ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുന്നതും സംശയകരമാണ്. ഇൻറർ ചർച്ച് ലൈറ്റി കൗൺസിൽപോലുള്ള സംഘടനകൾ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് നിഗൂഢ ലക്ഷ്യത്തോടെയാണ്. ഇത്തരം സംഘടനകളെയും നിലപാടുകളെയും കെ.സി.ബി.സി തള്ളിപ്പറയണമെന്നും എ.എം.ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.