മനസുകൾ വർഗീയവത്ക്കരിക്കുന്നത് തടയണം- ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: മനസുകൾ വർഗീയവത്ക്കരിക്കുന്നത് തടയണമെന്ന് മന്ത്രി ജി.ആർ. അനിൽ. ശാസ്ത്രസാഹിത്യപരിഷത്തിൻറെ തിരുവനന്തപുരം ജില്ലാവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ സംഘടിപ്പിക്കുന്ന പത്തും പതിനഞ്ചും ദിവസത്തെ തീർത്ഥാടനടൂറിസത്തിനു പോകുന്ന പലരും മടങ്ങിയെത്തുന്നത് പുതിയ മനസ്സുമായാണെന്നും ഇതു സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതം ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രബോധവും ചരിത്രബോധവും വളർത്തി ഇന്നത്തേതിലും മെച്ചപ്പെട്ട ലോകം സൃഷ്ടിക്കേണ്ടതിനുപകരം സമൂഹത്തെ പിന്നോട്ടു നടത്തുകയാണ് ഇക്കൂട്ടർ. ഇതിനെതിരായി ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ മാറ്റിത്തീർക്കാൻ പരിഷത്തിനു കഴിയും. അതിന്, നാടിനെ സംരക്ഷിക്കാൻ കഴിയുന്ന പഴയ സ്ഥിതിയിലേക്കു മടങ്ങണമെന്നും വിധേയത്വങ്ങളില്ലാത്തെ നിലപടുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
നികുതിയധികാരം ഉൾപ്പെടെയുള്ള സാമ്പത്തികാധികാരങ്ങൾ യൂണിയൻ ഗവണ്മെൻറ് സംസ്ഥാനങ്ങൾക്കും ഇരുസർക്കാരുകളും തദ്ദേശഭരണസ്ഥാപനങ്ങൾക്കും കൈമാറണമെന്ന് ഉദ്ഘാടനക്ലാസ് നയിച്ച ആർ. മോഹൻ അഭിപ്രായപ്പെട്ടു.
ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡൻറ് ജെ. ശശാങ്കൻറെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസമ്മളനത്തിൽ പരിഷത്തിൻറെ സ്ഥാപകാംഗവും മുൻ എം.പിയുമായ സി.പി. നാരായണൻ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എച്ച്. അജിത് കുമാർ സ്വാഗതവും ബി. നാഗപ്പൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജി. ഷിംജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. ബിജുകുമാർ കണക്കും അവതരിപ്പിച്ചു. പി.പി.സി റിപ്പോർട്ട് കെ.ജി. ശ്രീകുമാർ അവതരിപ്പിച്ചു. നിർവാഹകസമിതി അവലോകനം പി. ഗോപകുമാർ അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ച വൈകിട്ട് ശാസ്ത്രജാഥയോടെ സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.