ആ ചെങ്കൊടി തട്ടിത്തെറിപ്പിച്ചത് ഉറപ്പിച്ച വിജയം
text_fieldsകൊച്ചി: പള്ളിയുടെ കൊടിമരത്തിൽ ആരോ കെട്ടിയ ചെങ്കൊടി ഉറപ്പായ വിജയം തട്ടിത്തെറിപ്പിച്ചതിന്റെ അമർഷം മായുന്നില്ല മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസിന്റെ മനസ്സിൽനിന്ന്. 1977ൽ പള്ളുരുത്തിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോഴാണ് ഈ ദുരനുഭവം. തികഞ്ഞ വിജയ പ്രതീക്ഷയിലിരിക്കുമ്പോഴാണ് കുമ്പളങ്ങി വടക്കേ പള്ളിയിലെ കൊടിമരത്തിൽ ചെങ്കൊടി കയറ്റിയ വിവരം ഒരു ദിവസം പുലർച്ചെ മണ്ഡലത്തിലാകെ ഇടിത്തീ പോലെ പരക്കുന്നത്. ജയസാധ്യതയുള്ള ഞങ്ങൾ ഇങ്ങനെ ചെയ്യില്ലെന്നും പാർട്ടിക്കൊടി തലകീഴായി ഒരു കമ്യൂണിസ്റ്റുകാരനും കെട്ടില്ലെന്നും വികാരിയടക്കമുള്ളവരെ ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. എതിർസ്ഥാനാർഥി ഈപ്പൻ വർഗീസ് വെറും 1841 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കൊടി കെട്ടിയയാൾ പിന്നീട് പാർട്ടിയിൽ ചേരാൻ തന്നെ സമീപിച്ച സംഭവംകൂടി ചെറുചിരിയോടെ ഓർത്തെടുക്കുന്നു ലോറൻസ്.
ഭൂമിക്കും ഊന്നുകുറ്റിക്കും കരം അടക്കുന്നവർക്കും പത്താം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കും മാത്രം വോട്ടവകാശമുണ്ടായിരുന്ന ബാല്യകാലം മുതലുള്ള ഓർമകളാണ് ലോറൻസിനുള്ളത്. കൊച്ചി രാജ്യത്തെ ഉത്തരവാദ ഭരണകാലത്ത് ഭൂമിക്ക് കരം അടക്കുന്നതിനാൽ പിതാവ് വോട്ട് ചെയ്യാൻ പോകുന്നത് കണ്ടാണ് വളർന്നത്. പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം എറണാകുളം മുനിസിപ്പാലിറ്റി മുതൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വരെ സ്ഥാനാർഥിയായിരുന്ന കഥകളും പറയാനുണ്ട്. 1970ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജന്മനാടായ മുളവുകാട്ടെ കോൺഗ്രസിന്റെ ശക്തികേന്ദ്രത്തിൽ പ്രസംഗിക്കാൻ തുടങ്ങുമ്പോൾ കൂവൽ നേരിടേണ്ട അവസ്ഥയുണ്ടായി. തേവരയിലും ഇത് നേരിടേണ്ടി വരും. അനുഗ്രഹവും വോട്ടും തേടി ബന്ധുവായ വയോധികയെ കാണാൻ ചെന്നപ്പോൾ ‘നിനക്ക് വോട്ട് തന്ന് ഞാൻ നരകത്തിൽ പോണോ’ എന്നായിരുന്നു അവരുടെ ചോദ്യം. കമ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്താൽ നരകത്തിൽ പോകുമെന്നായിരുന്നു പ്രായമായവരെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. ആ തെരഞ്ഞെടുപ്പിൽ തോൽവിയായിരുന്നു ഫലം.
1980ൽ ഇടുക്കിയിൽനിന്ന് വിജയിച്ച് ലോക്സഭാംഗമായി. ആ തെരഞ്ഞെടുപ്പ് കാലത്താണ് പിതാവിന്റെ മരണം. പിതാവിന്റെ അഭാവത്തിലായിരുന്നു വിജയാഘോഷം. വലുപ്പത്തിന്റെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാർലമെൻറ് മണ്ഡലമായിരുന്നു ഇടുക്കി. എന്നിട്ടും ‘ഒരു തെരഞ്ഞെടുപ്പ് കാലത്തും ഒരു സ്ഥാനാർഥിക്കും എത്തിപ്പെടാനാവാത്തിടങ്ങളിൽ തനിക്ക് എത്തിച്ചേരാനായത്’ വലിയ നേട്ടമായെന്ന് ലോറൻസ് പറയുന്നു. കേരള കോൺഗ്രസിലെ മാണി-ജോസഫ് ഭിന്നതയും ഗുണംചെയ്തു. കുടിയേറ്റ ക്രൈസ്തവരുടെ ഭൂരിപക്ഷം വോട്ടും അന്ന് തനിക്ക് ലഭിച്ചെന്ന് ലോറൻസ് പറയുന്നു. 1991ൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിലെ കെ. ബാബുവിനെതിരെയും പിന്നീട് മുകുന്ദപുരത്ത് ലോക്സഭയിലേക്കും 2006ൽ എറണാകുളം നിയമസഭ മണ്ഡലത്തിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ തരംഗം മാത്രമല്ല, പാർട്ടിയിലെ വിഭാഗീയതയും അടിയൊഴുക്കുകളും തൃപ്പൂണിത്തുറയിലെ പരാജയത്തിന് ആക്കംകൂട്ടി. പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് 2006ൽ എറണാകുളം നിയമസഭ മണ്ഡലത്തിൽ മത്സരിച്ചത്. കെ.വി. തോമസായിരുന്നു എതിർസ്ഥാനാർഥി. പലയിടങ്ങളിലും സഹായിക്കാൻ ചില കോൺഗ്രസുകാർ തയാറായി വന്നിരുന്നു. എന്നാൽ, ഇടതുപക്ഷ സർവിസ് സംഘടന നേതാവടക്കം തനിക്കെതിരെ പ്രവർത്തിച്ചതും പാർട്ടിയിലെ വിഭാഗീയതയും മറ്റും അനുകൂല ഘടകങ്ങളെല്ലാം കടപുഴക്കി; ഫലം പരാജയം.
മുകുന്ദപുരം ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ സിനിമനടൻ സത്യനെ സമീപിച്ച അനുഭവം ലോറൻസ് പങ്കുവെച്ചു. തീരെ സുഖമില്ലെന്ന് പറഞ്ഞ് സത്യൻ ഒഴിവായി. പിന്നീടാണ് രക്താർബുദ ബാധിതനായിരുന്നു സത്യനെന്ന വിവരം പുറത്തറിഞ്ഞത്. ഇതേ മുകുന്ദപുരത്ത് 1984ൽ ലോറൻസ് സ്ഥാനാർഥിയായി. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വം ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല തരംഗത്തിന് കാരണമായതായി ലോറൻസ് പറയുന്നു. ഇതോടെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിലെത്തി. എന്നാൽ, ഇതിനുശേഷമാണ് എറണാകുളത്ത് പാർട്ടി നിർബന്ധത്തിന് വഴങ്ങി മത്സരിക്കേണ്ടി വന്നത്. മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും പാർട്ടി സെക്രട്ടേറിയറ്റ് നിർബന്ധം പിടിച്ചപ്പോൾ ഇ.എം.എസ് ഇടപെട്ട് സസ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയ സംഭവവും ഓർമയിലുണ്ട്.
1950 കാലത്ത് പാർട്ടി എറണാകുളം ടൗൺ കമ്മിറ്റി സെക്രട്ടറിയായിരിക്കെ എറണാകുളം മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് തോറ്റപ്പോൾ പാർട്ടി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് ഹരജി നൽകിയിട്ടുണ്ട് ലോറൻസ്. എതിർസ്ഥാനാർഥിയുടെ ഏഴ് വോട്ടിന്റെ ഭൂരിപക്ഷം മൂന്നായി കുറഞ്ഞെങ്കിലും വിജയിക്കാനായില്ല. തനിക്ക് കൊച്ചി കോർപറേഷന്റെ ആദ്യ മേയറാകാനുള്ള ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ടായിട്ടും പാർട്ടിയിലൊരാൾ കൂറുമാറി എതിർസ്ഥാനാർഥി എ.എ. കൊച്ചുണ്ണിക്ക് വോട്ട് ചെയ്ത് ആ അവസരം തട്ടിത്തെറിപ്പിച്ച അനുഭവവും ലോറൻസ് പങ്കുവെക്കുന്നു. പ്രായാധിക്യം മൂലമുള്ള രോഗങ്ങളോട് പൊരുതി മകൻ അഡ്വ. സജീവന്റെ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ ലോറൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.