കമ്യൂണിസ്റ്റുകാർ ജനങ്ങളോട് വിനീതവിധേയരാവണം -പി. ജയരാജൻ
text_fieldsകോഴിക്കോട്: കമ്യൂണിസ്റ്റുകാർ ജനങ്ങളോട് വിനീതവിധേയരാവണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. ജനങ്ങളോട് അധികാരഗർവോടെ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ പി. ജിബിൻ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഗവർണർപദവി കൊളോണിയൽ അവശേഷിപ്പോ, അനിവാര്യതയോ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർപദവി കൊളോണിയൽ അവശേഷിപ്പാണെന്ന് നിസ്സംശയം പറയാം. പദവി മാത്രമല്ല, അത് കൈയാളുന്ന വ്യക്തികളും പ്രാധാന്യമർഹിക്കുന്നുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളിവേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വെല്ലുവിളിക്കുകയാണ് ഗവർണർ. ഗവർണർ കേരളത്തിൽ വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഉണ്ടാകാറുള്ളത്. പിന്നീട് കേരളത്തിന് പുറത്ത് വാർത്തസമ്മേളനം നടത്തി മുഖ്യമന്ത്രിക്കെതിരെ വായിൽ തോന്നിയത് വിളിച്ചുപറയുന്നു. അനിവാര്യമല്ലാത്ത ഗവർണർപദവി എടുത്തുകളയാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പി. ജയരാജൻ പറഞ്ഞു. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പി.വി. ജീജോ അനുസ്മരണ ഭാഷണം നടത്തി. കെ.പി. സജീവൻ, അജയ് ശ്രീശാന്ത്, ഹരീഷ് കൊളച്ചേരി എന്നിവർ സംസാരിച്ചു. 2015 ഡിസംബർ 22നാണ് സുഹൃത്തുക്കൾക്കൊപ്പം യാത്രപോയ ജിബിൻ പതങ്കയം വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.