മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാൻ...; സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം നോക്കുകുത്തി; ഡയാലിസിസ് സെന്റർ എങ്ങുമെത്തിയില്ല
text_fieldsവേങ്ങര: ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ ചികിത്സക്കെത്തുന്ന ആശുപത്രിയാണ് വേങ്ങര കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ക്ക് പുറമേ എടരിക്കോട്, പെരുമണ്ണ, തെന്നല പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് കേന്ദ്രത്തിന്റെ പരിധി. ഈ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ ആവശ്യത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല.
പല ജീവനക്കാരെയും എന്‍.ആര്.എച്ച്.എം പദ്ധതിപ്രകാരവും മറ്റും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചാണ് താൽക്കാലിക പരിഹാരം കാണുന്നത്. നേരത്തെ ഈ ആശുപത്രിയിൽ സ്ത്രീരോഗ വിഭാഗമുൾപ്പെടെ സ്പെഷാലിറ്റികളിൽ ഡോക്ടർമാർ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ അത്ര ഗുരുതരമല്ലാത്ത അസുഖങ്ങൾക്കുള്ള കിടത്തിച്ചികിത്സ മാത്രമേ നടക്കുന്നുള്ളൂ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് കോടികൾ ചെലവഴിച്ചു ബഹുനില കെട്ടിടം പണിതെങ്കിലും വാഗ്ദാനങ്ങൾ ഒന്നും നടപ്പിലായില്ല. ഡയാലിസിസ് കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. മാത്രമല്ല സർക്കാർ തലത്തിൽ താലൂക്ക് ആശുപത്രികൾ മുതൽ മേലോട്ട് മാത്രമേ ഡയാലിസിസ് യൂനിറ്റുകൾ തുടങ്ങേണ്ടതുള്ളൂവെന്ന സർക്കാർ നിലപാടും സെന്ററിന് പാരയായി. വകുപ്പ്തല അനുമതി ലഭിക്കുകയാണെങ്കിൽ പൊതുജനപങ്കാളിത്തത്തോടെ മാത്രമേ പുതിയ ഡയാലിസിസ് സെന്റർ തുടങ്ങാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.