വീണ്ടും വരുന്നു, സാമൂഹിക അടുക്കളകൾ
text_fieldsതൃശൂർ: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർക്കുമായി വീണ്ടും സാമൂഹിക അടുക്കളകൾ സജീവമാകുന്നു. 'വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടൽ ' പദ്ധതിയുടെ ഭാഗമായി ആവശ്യമായവർക്ക് സാമൂഹിക അടുക്കളകൾ വഴി ഭക്ഷണം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാൻ തദ്ദേശവകുപ്പാണ് കുടുംബശ്രീകൾക്ക് നിർദേശം നൽകിയത്. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ദുർബല വിഭാഗങ്ങളുടെ പട്ടികയിലുള്ളവർക്കാണ് ഭക്ഷണം ലഭ്യമാക്കുക.
ഭക്ഷണം ആവശ്യമുള്ള കോവിഡ് രോഗികൾ, ഹോം ഐസൊലേഷനിൽ കഴിയുന്നവർ, സാമൂഹിക പെൻഷൻ വാങ്ങുന്നവർ, കിടപ്പുരോഗികൾ, ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾ, പട്ടിക ജാതി, പട്ടിക വർഗ കോളനിയിലുള്ളവർ, അതിഥി തൊഴിലാളി ക്യാമ്പുകളിലുള്ളവർ, ഭിക്ഷാടനത്തിൽ ഏർപ്പെട്ടവർ, അഗതികൾ തുടങ്ങിയവർക്കാണ് സർക്കാർ ഭക്ഷണം നൽകുക. തദ്ദേശസ്ഥാപനങ്ങൾ ഇവരുടെ വാർഡ് തിരിച്ച പട്ടിക സൂക്ഷിക്കേണ്ടതും ആഴ്ചതോറും പുതുക്കേണ്ടതുമാണെന്ന് തദ്ദേശ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങൾ അവരുടെ അധികാര പരിധിയിലെ ജനകീയ ഹോട്ടലുകളെയാണ് സാമൂഹിക അടുക്കള തുടങ്ങാൻ ആശ്രയിക്കുക. ജനകീയ ഹോട്ടലുകൾ ഇല്ലെങ്കിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള തുടങ്ങാനും നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ട ഭൗതിക സാഹചര്യം തദ്ദേശ സ്ഥാപനങ്ങൾ നൽകും. സന്നദ്ധ പ്രവർത്തകരെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം.
ജനകീയ ഹോട്ടലുകളിൽ 20 രൂപക്ക് ഭക്ഷണപ്പൊതി ഉറപ്പുവരുത്തണം. പൊതി വീട്ടിൽ എത്തിക്കാൻ അഞ്ച് രൂപ അധികം വാങ്ങാമെന്നും നിർദേശിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു സാമൂഹിക അടുക്കളക്ക് 50,000 രൂപ തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നും വകുപ്പ് നിർദേശിക്കുന്നു.
സാമൂഹിക അടുക്കള നടത്തിപ്പിന് സ്പോൺസർഷിപ്പ് സംഘടിപ്പിച്ച് കുടുംബശ്രീകൾക്ക് നൽകാൻ തദ്ദേശവകുപ്പ് സ്ഥാപനങ്ങൾ നേതൃത്വമെടുക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തദ്ദേശ ജനപ്രതിനിധികളുമായി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.