സർക്കാർ ആനുകൂല്യങ്ങളിലെ സമുദായ പ്രാതിനിധ്യം; ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യം ശക്തം
text_fieldsകോഴിക്കോട്: മുസ്ലിം സമുദായം സർക്കാർമേഖലയിൽ അനർഹമായത് ൈകയടക്കുന്നു എന്ന് വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയാറാവണമെന്ന ആവശ്യം ശക്തം. കേരളത്തിലെ സാമുദായിക അന്തരീക്ഷം മലിനമാവാതിരിക്കാൻ വിദ്യാഭ്യാസ, തൊഴിൽമേഖലയിൽ ഓരോ സമുദായത്തിനും ലഭിച്ച സർക്കാർ ആനുകൂല്യങ്ങളുടെ കണക്ക് വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. സമസ്ത കേരള ജംഇയ്യതുൽ ഉലമ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ തുടർന്നാണ് ഈ ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്തുവന്നത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഡോ.കെ.ടി ജലീൽ ന്യൂനപക്ഷവകുപ്പ് മന്ത്രിയായിരിക്കെ മുസ്ലിം സമുദായം അനർഹമായത് നേടുന്നു എന്ന് വിവിധ ക്രിസ്ത്യൻ സഭകളും സംഘടനകളും സംഘ്പരിവാറും പ്രചരിപ്പിച്ചിരുന്നു. ഭരണത്തുടർച്ചയിൽ ഇൗ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ക്രൈസ്തവസംഘടനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇൗ സാഹചര്യത്തിൽ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി ദുരാരോപണങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും സമുദായങ്ങൾക്കിടയിൽ ഉണ്ടായ സംശയം ദുരീകരിക്കുകയും വേണമെന്നാണ് മുസ്ലിംസംഘടനകളുടെ ആവശ്യം. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച ഇടതുസർക്കാറിന് അതിനിടയാക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ ബാധ്യതയുണ്ടെന്നാണ് സംഘടനകളുടെ അഭിപ്രായം. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിൽ മതസംഘടനകൾ എതിരഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ ഇതിലേക്ക് നയിച്ച വിവാദവിഷയങ്ങളിൽ വ്യക്തത വേണമെന്നതിൽ അവർ ഏകാഭിപ്രായക്കാരാണ്.
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും ആരോപണം സംബന്ധിച്ച് വ്യക്തത വരുത്താൻ സർക്കാർ തയാറാവണമെന്ന നിലപാടിലാണ്. വിദ്യാഭ്യാസ, തൊഴിൽമേഖലകളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാൻ പ്രയാസമില്ല. പിന്നാക്കക്ഷേമ നിയമസഭാസമിതി നിർദേശപ്രകാരം കഴിഞ്ഞ ഭരണത്തിൽ കണക്ക് ശേഖരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമിതി നിരവധി തവണ യോഗം ചേർന്നു.
കണക്കു പൂർത്തിയാക്കാത്ത ചില സ്വയംഭരണ സ്ഥാപനങ്ങളെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയാൽ കേരളത്തിലെ സാമുദായികാന്തരീക്ഷം കലുഷിതമാവാതിരിക്കാൻ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.