വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി കമ്പനികൾ ഹൈകോടതിയിൽ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കമ്പനികളുടെ ഹരജി. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽനിന്ന് സംരക്ഷണം തേടിയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സും ഹൈകോടതിയെ സമീപിച്ചത്. സമരക്കാരിൽനിന്ന് രണ്ട് കമ്പനിക്കും ജീവനക്കാർക്കും സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാറിനും പൊലീസിനും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
മതിയായ സംരക്ഷണം നൽകാൻ പൊലീസിന് കഴിയില്ലെങ്കിൽ സി.ആർ.പി.എഫിന്റെ സംരക്ഷണം ഒരുക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഴിഞ്ഞം തുറമുഖം നിർമിച്ച് പ്രവർത്തിപ്പിച്ച് കൈമാറാനുള്ള കരാർ അദാനി ഗ്രൂപ്പാണ് ഏറ്റെടുത്തിട്ടുള്ളത്. നിയമപരമായ എല്ലാ അനുമതികളും വാങ്ങി നിർമാണം തുടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ സമരം മൂലം ഇപ്പോൾ ഈ മേഖലയിലെ ക്രമസമാധാനം തകർന്നെന്നാണ് ഹരജികളിലെ ആരോപണം.
2015 ഡിസംബർ അഞ്ചിനാണ് തുറമുഖ നിർമാണം തുടങ്ങിയത്. ഇത് പൂർത്തിയാകാറായ ഘട്ടത്തിലാണ് സമരക്കാരുടെ വരവ്. സമയബന്ധിതമായി പൂർത്തിയാക്കേണ്ട നിർമാണം കരിങ്കൽ ക്ഷാമവും പ്രകൃതിക്ഷോഭവും കോവിഡ് വ്യാപനവുമടക്കം പല കാരണങ്ങളാൽ വൈകി. ഇതിനു പിന്നാലെയാണ് സമരക്കാർ നിർമാണം തടസ്സപ്പെടുത്തുന്നത്. ഇത് കമ്പനികളെ മാത്രമല്ല, സംസ്ഥാന സർക്കാറിനെയും പൊതുസമൂഹത്തെയും പ്രതികൂലമായി ബാധിക്കും. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 16 മുതൽ നടത്തുന്ന രാപ്പകൽ സമരം നിമിത്തം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നു.
സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ തയാറായില്ല. ഈ സാഹചര്യത്തിൽ കമ്പനികളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ജീവന് ഭീഷണിയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി കേന്ദ്ര സർക്കാറിന്റെ ഫണ്ടും ചെലവഴിച്ചിട്ടുള്ളതിനാലാണ് സംസ്ഥാന സർക്കാറിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്രം നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ഹരജികൾ വെള്ളിയാഴ്ച കോടതി പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.