വലിച്ച് മരിക്കുന്നവർക്ക് പകരം ഇ-സിഗരറ്റിലൂടെ കുട്ടികളെ വലയിട്ട് കമ്പനികൾ
text_fieldsപുകവലിച്ച് മരിച്ചുതീരുന്നവർക്കു പകരം കുട്ടികളെ വലവീശിപ്പിടിക്കാൻ വമ്പൻ പുകയിലക്കമ്പനികൾ. കൊഴിഞ്ഞുപോകുന്നവരുണ്ടാക്കുന്ന നഷ്ടം നികത്താൻ കുട്ടികളിൽ ഇ-സിഗരറ്റ് പ്രചരിപ്പിക്കുകയാണ് കമ്പനികൾ. കൗമാരക്കാരിലും മറ്റും ഇ-സിഗരറ്റ് വലി (വേപ്പിങ്) പ്രചരിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കമ്പനികളുടെ പരസ്യങ്ങളിലും മറ്റും ഇപ്പോൾ പ്രധാനമായും ഉന്നമിടുന്നത് കുട്ടികളെയാണെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ആകർഷിക്കുന്നതാണ് തങ്ങൾക്ക് ദീർഘകാല ഉപയോക്താക്കളെ കിട്ടാൻ ഏറ്റവും നല്ലതെന്ന് കമ്പനികൾ മനസ്സിലാക്കി. കാരണം 21 വയസ്സിനു മുമ്പ് നിക്കോട്ടിന് അടിമപ്പെട്ടാൽ അവർക്ക് ഒരിക്കലും അതിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. പഴങ്ങളുടെയും മിഠായികളുടെയും ഫ്ലേവറുള്ള ഇ-സിഗരറ്റ് ഇറക്കിയും കാർട്ടൂൺ ശൈലിയിലുള്ള ഡിസൈനുകൾ വഴിയുമെല്ലാം കുട്ടികളെ നിക്കോട്ടിന്റെ നീരാളിപ്പിടിത്തത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ് കമ്പനികൾ. യൂറോപ്പിൽ 15 വയസ്സുകാരിൽ നടത്തിയ ഒരു സർവേയിൽ 32 ശതമാനം പേരും ഇ-സിഗരറ്റ് ഉപയോഗിച്ചവരാണെന്ന് വെളിപ്പെടുത്തുന്നു. ഇതിൽ 20 ശതമാനം പേരും ഒരു മാസമായി ഉപയോഗിച്ചു വരികയാണത്രെ.
എന്താണ് വേപ്?
പുകയിലയിൽനിന്ന് അമോണിയ ചേർത്ത് സ്വാംശീകരിച്ചെടുക്കുന്ന നിക്കോട്ടിനാണ് ഫ്രീ ബേസ്ഡ് നിക്കോട്ടിൻ. ഇതാണ് ഇ-സിഗരറ്റ് അഥവാ ‘വേപ്’ ൽ ഉപയോഗിക്കുന്നത്. നിക്കോട്ടിന്റെ എല്ലാ ദൂഷ്യഫലങ്ങളും ഇതിനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.