ബിഷപ്പിനേയും തടിയന്റവിട നസീറിനേയും താരതമ്യപ്പെടുത്തി സഹായമെത്രാൻ; വെറുതെ വിട്ടപ്പോൾ ആരും മിണ്ടാത്തതെന്ത്?
text_fieldsബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധിയിൽ പ്രതിഷേധിച്ചവർ തടിയന്‍റവിട നസീറിനെ കുറ്റവിമുക്തനാക്കിയപ്പോൾ എന്താണ് മിണ്ടാത്തതെന്ന് ചോദ്യം. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലാണ് സമൂഹമാധ്യമത്തിൽ ചോദ്യം ഉന്നയിച്ചത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് രണ്ടാഴ്ച മുമ്പാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിടെ നസീർ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് തോമസ് തറയിൽ വിമർശനം ഉന്നയിക്കുന്നത്.
ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ നിരവധിപേരാണ് വിമർശനം ഉന്നയിച്ച് രംഗത്തുവന്നത്. എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു തീവ്രവാദ കേസിലെ പ്രതിയെ വെറുതെ വിടുമ്പോൾ ഒരു ചർച്ചയും ആരും നടത്തിയില്ല എന്ന് തോമസ് തറയിൽ പറയുന്നു. മാധ്യമങ്ങൾക്കും സാംസ്കാരിക നായകൻമാർക്കും ബുദ്ധിജീവികൾക്കും മുൻ ജഡ്ജിമാർക്കും എതിരെയാണ് തോമസ് തറയിൽ നിലപാട് വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം താഴെ:
ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു.
മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു. ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.