ആശ്രിത നിയമന വ്യവസ്ഥ സംവരണത്തെ ബാധിക്കില്ലെന്ന് വിശദീകരണം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവിസിലെ പതിനാറാമത്തെ ഒഴിവുകൾ ആശ്രിത നിയമനത്തിന് നീക്കിവെക്കാനുള്ള കരട് നിർദേശം പി.എസ്.സി നിയമനങ്ങളിലെ സംവരണത്തെ ബാധിക്കില്ലെന്ന് സർക്കാർ വിശദീകരണം. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിളിച്ച സർവിസ് സംഘടന നേതാക്കളുടെ യോഗത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാറാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.
പി.എസ്.സി നിയമനങ്ങളിലെ 16ാമത്തെ ടേൺ മുസ്ലിം സംവരണത്തിനുള്ളതാണ്. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കൊണ്ടുവരുന്ന പരിഷ്കാരങ്ങളുടെ കരട് നിർദേശങ്ങളിൽ ആശ്രിത നിയമത്തിനായി കണ്ടെത്തിയ തസ്തികകളുടെ ജില്ല തിരിച്ചും സംസ്ഥാനതലത്തിലുമുള്ള ഓരോ 16ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി ഓരോ വകുപ്പും പൊതുഭരണ വകുപ്പിൽ ഓൺലൈനായി റിപ്പോർട്ട് ചെയ്യണമെന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ഭിന്നശേഷി സംവരണത്തിനായി നിലവിൽ രണ്ട് നിയമന ടേണുകൾ നഷ്ടപ്പെട്ട മുസ്ലിം സമുദായത്തിലെ ഉദ്യോഗാർഥികൾക്ക് ആശ്രിത നിയമനത്തിന്റെ പേരിൽ ഒരു ടേൺ കൂടി നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നത്.
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഇതുസംബന്ധിച്ച വിഷയം സർക്കാർ വിളിച്ച യോഗത്തിൽ ഉന്നയിച്ചു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതായും പി.എസ്.സി നിയമന ടേണിനെ ആശ്രിത നിയമനം ബാധിക്കില്ലെന്നും അഡീഷനൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.