വൈദ്യുതി ലൈനെങ്കിൽ ബഫർസോണിനും നഷ്ടപരിഹാരം; കെ-റെയിലിന് വട്ടപ്പൂജ്യം
text_fieldsകോട്ടയം: കെ.എസ്.ഇ.ബി ഹൈടെൻഷൻ വൈദ്യുതി ലൈനിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് പുറമെ ബഫർസോണിനും നഷ്ടപരിഹാരം നൽകുന്ന കേരളത്തിൽ കെ-റെയിലിന്റെ ബഫർസോണായി നീക്കിവെക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകാത്തത് ഇരട്ടത്താപ്പ്.
കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് ഊർജവകുപ്പ് സെക്രട്ടറിയായിരിക്കെ തൃശൂർ-പുഗലൂർ 320 കെ.വി വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കാൻ 2019 മേയ് നാലിന് പുറപ്പെടുവിച്ച ജി.ഒ (എം.എസ്) നം: 7/2019 ഉത്തരവിലെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് തന്നെ കെ-റെയിലിന്റെ ബഫർ സോണിനും നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെന്നതിന് തെളിവാണ്. വൈദ്യുതി ബോർഡ് ഹൈവോൾട്ടേജ് വൈദ്യുതി കടത്തിവിടുന്നത് വലിയ ടവറുകൾ സ്ഥാപിച്ച് അതിലൂടെ വലിക്കുന്ന കമ്പികളിലൂടെയാണ്. ഒരു കിലോമീറ്ററിൽ ശരാശരി നാലു ടവർ സ്ഥാപിക്കും. ഇത്തരം ലൈനുകൾ വലിക്കുമ്പോൾ ടവറുകൾ നിൽക്കുന്ന സ്ഥലം വൈദ്യുതി ബോർഡ് ഏറ്റെടുക്കും.
രണ്ടു ടവറുകൾക്കിടയിൽ കമ്പികൾക്ക് താഴെയുള്ള ഭൂമി നിയന്ത്രണ വിധേയമായി ഉടമകൾക്ക് ഉപയോഗിക്കാം. ഭൂമിയിൽനിന്ന് 44 മീറ്റർവരെ ഉയരത്തിൽ 14 മീറ്റർ വീതിയിലാണ് ഇത്തരം ലൈനുകൾ വലിക്കുന്നത്. ഇതിന് 'ലൈൻ ക്ലിയറൻസ് അലവൻസ്' എന്ന പേരിൽ നഷ്ടപരിഹാരം ലഭിക്കും. ടവറിന്റെ ഇരുഭാഗത്തായി ലൈൻ പോകുന്ന വീതി അടക്കം 44 മീറ്റർ വീതിയുള്ള ഭൂമിക്ക് 'ഡിസ്പ്ലേസ്മെന്റ്' അലവൻസ് എന്നപേരിൽ നഷ്ടപരിഹാരവും നൽകും. അതായത് വൈദ്യുതി ലൈനിന്റെ രണ്ടുവശത്തും 15 മീറ്റർ വീതിയുള്ള ഭൂമിക്കാണ് ഡിസ്പ്ലേസ്മെൻറ് നഷ്ടപരിഹാരം. ന്യായവിലയുടെ മൂന്നിരട്ടിയാണ് നഷ്ടപരിഹാരം.
തൃശൂർ-പുഗലൂർ വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ലാൻഡ് റവന്യൂ കമീഷണറുടെ പക്കലുണ്ടെന്ന് ജി.ഒ (എം.എസ്) നം: 7/2019 ഉത്തരവിൽ തന്നെ പറയുന്നു. ഇത് പരിഗണിക്കാതെയാണ് കെ-റെയിൽ ബഫർസോണിന് നഷ്ടപരിഹാരം നിഷേധിക്കുന്നത്.
നിലവിലെ കണക്കനുസരിച്ച് കെ -റെയിലിനായി 1130 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 13,265 കോടിയാണ് വകയിരുത്തിയത്. 15 മുതൽ 25 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാനുള്ള തുകയാണിത്. വൈദ്യുതി ബോർഡിന്റെ രീതി സ്വീകരിച്ചാൽ കെ-റെയിലിന്റെ ഇരുഭാഗത്തുമുള്ള ബഫർ സോണിനും ഭൂമിയുടെ ന്യായവിലയുടെ മൂന്നിരട്ടി നഷ്ടപരിഹാരം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഭൂമി ഏറ്റെടുക്കലിനു മാത്രമായി മറ്റൊരു 10,000 കോടിയെങ്കിലും സംസ്ഥാന സർക്കാറും കെ-റെയിലും അധികമായി കണ്ടെത്തണം.
നഗരസമാനമായ കേരളത്തിലെ സ്ഥലങ്ങളിലൂടെ 200 കി.മീ. വേഗത്തിൽ പായുന്ന അതിവേഗ റെയിൽവേക്ക് എത്ര അകലത്തിൽ ബഫർസോൺ വേണമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. ട്രെയിൻ ഓടുമ്പോഴുള്ള ശബ്ദവും പ്രകമ്പനവും പാളത്തിന് തൊട്ടടുത്തുള്ള പഴയതും പുതിയതുമായ കെട്ടിടങ്ങളെ എങ്ങനെ ബാധിക്കും എന്നതിന് മുൻകാല അനുഭവങ്ങളില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ആധുനിക രീതിയിലുള്ള റോഡ് നിർമാണത്തിനു ഉപയോഗിക്കുന്ന വൈബ്രേറ്റർ കെട്ടിടങ്ങൾക്കു ബലക്ഷയം ഉണ്ടാക്കും എന്നതിനാൽ കൊച്ചി അടക്കമുള്ള നഗരങ്ങളിലെ നിരവധി റോഡുകളിൽ ഒഴിവാക്കിയിരുന്നു.
സിൽവർ ലൈനിന്റെ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്രസർക്കാറും ഡി.പി.ആറിൽ ഇനിയും മാറ്റം വരാമെന്ന് സംസ്ഥാന സർക്കാറും പറയുമ്പോൾ ബഫർസോൺ സംബന്ധിച്ച ആശങ്ക വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.