മത്സരാവർത്തനം
text_fieldsചുവരെഴുത്തുകൾ മാഞ്ഞുപോയില്ലായിരുന്നെങ്കിൽ ഇക്കുറി ഇടുക്കിക്കാർക്ക് സ്ഥലകാല വിഭ്രാന്തിയുണ്ടായേനെ. 2019 ലെ അതേ സ്ഥാനാർഥികൾ, അതേ വീറ്, അതേ വാശി. ഒരു ടൈം ട്രാവലർ സിനിമപോലെ 2019ൽതന്നെ കാലം തളംകെട്ടി നിൽക്കുകയാണോയെന്ന് സംശയിച്ചുപോയേനെ. കാലത്തെ തിരിച്ചറിയാൻ ചിഹ്നത്തിൽ നേരിയൊരു മാറ്റമുണ്ടെന്നുമാത്രം. ഇനി തെരഞ്ഞെടുപ്പ് ഫലത്തിലെ വ്യത്യാസത്തിലാണ് എല്ലാ കണക്കുകൂട്ടലുമിരിക്കുന്നത്.
ജോയ്സല്ലാതെ എൽ.ഡി.എഫിന് മറ്റൊരു ചോയ്സുമില്ല. ഡീനിനെ വിട്ടൊരു ഡീലിനും യു.ഡി.എഫും തയാറല്ല. ഭൂമി കൈയേറ്റവും വന്യജീവി ആക്രമണവും വാർത്തകളുടെ തലക്കെട്ടുകളാകുന്ന ഇടുക്കി മലമടക്കുകളിൽ ഇക്കുറിയും മുഴങ്ങുക കഴിഞ്ഞ രണ്ടുതവണയും ഉയർന്ന അതേ മത്സരകാഹളം.
ഇടതുമുന്നണി സ്ഥാനാർഥി ജോയ്സ് ജോർജിനും യു.ഡി.എഫിന്റെ ഡീൻ കുര്യാക്കോസിനും വീട്ടുമുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന ലാഘവമായിരിക്കും ഈ മൂന്നാമങ്കം. ഓതിരം കടകംമറിഞ്ഞ് ഇരുപക്ഷത്തേക്കും ജയം ചാഞ്ഞും ചെരിഞ്ഞുമിറങ്ങിയ ഇടുക്കിയിൽ മൂന്നാമങ്കത്തിനും മുഖത്തോടുമുഖം നിൽക്കുമ്പോൾ ഇക്കുറി ജയം ഒപ്പംചേർക്കുക അത്ര എളുപ്പമല്ല.
വലുപ്പത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയാണ് ഇടുക്കി. വിനോദസഞ്ചാരികൾക്ക് എത്ര കണ്ടാലും മതിവരാത്തത്രയും പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ നാട്. കേരളത്തിന്റെ കുഗ്രാമങ്ങളിലേക്കുപോലുമുള്ള വൈദ്യുതി വിളയുന്ന ദേശം. മലയോര കർഷകരും കുടിയേറ്റക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മണ്ണ്. കുടിയേറ്റവും കുടിയിറക്കലും പട്ടയപ്രശ്നങ്ങളും നിരന്തരം വാർത്തകളായിരുന്ന നാട്ടിൽ ഭീഷണിയായി മാറിയ വന്യജീവി ആക്രമണങ്ങൾക്ക് രാഷ്ട്രീയമാനങ്ങൾകൂടി കൈവന്നതോടെ മീനച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്കാണ് ഇടുക്കി നീങ്ങുന്നത്.
2014ലും 2019ലും ഇടുക്കിയിൽ നേർക്കുനേർ പോരടിച്ചവരാണ് ജോയ്സ് ജോർജും ഡീൻ കുര്യാക്കോസും. ഇക്കുറി കഴിഞ്ഞ തവണത്തെ മത്സരം ആവർത്തിക്കുന്ന ഏക മണ്ഡലവും ഇടുക്കിയാണ്. രണ്ടുപേരും അഭിഭാഷകർ. രണ്ടുവട്ടവും ജോയ്സ് ജോർജ് ഇടതുസ്വതന്ത്രനായാണ് മത്സരിച്ചത്. എന്നാൽ, ഇക്കുറി സി.പി.എമ്മിന്റെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നു.
2014ൽ 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോയ്സാണ് ജയിച്ചത്. പക്ഷേ, 2019ലെ തരംഗത്തിൽ 1,71,053 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷത്തിൽ ജോയ്സ് ജോർജിനെ മലർത്തിയടിച്ച് ഡീൻ കുര്യാക്കോസ് മണ്ഡലം പിടിച്ചെടുത്തു. സംസ്ഥാനത്തെ കോൺഗ്രസ് എം.പിമാരിൽ വയനാട്ടിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും ഡീനിനായിരുന്നു.
ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ മലയോര ജനത നടത്തിയ പ്രക്ഷോഭത്തിലൂടെയായിരുന്നു ജോയ്സ് ജോർജ് പൊതുരംഗത്തേക്ക് വന്നതെങ്കിൽ ഡീൻ കുര്യാക്കോസ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. 2014ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ആദ്യ മത്സരത്തിനിറങ്ങിയത്. രണ്ട് സ്ഥാനാർഥികളും തൊടുപുഴ ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥികൾ.
സ്ഥാനാർഥിത്വം നേരത്തേ പ്രഖ്യാപിച്ച ജോയ്സ് ജോർജ് ഒരുമുഴം മുമ്പേയാണ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് ഇടുക്കി. ഇതിൽ മൂവാറ്റുപുഴയും തൊടുപുഴയും ഒഴികെയുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈപ്പിടിയിലാണ്. പോരാത്തതിന് കേരള കോൺഗ്രസ് മാണിവിഭാഗം എൽ.ഡി.എഫിൽ വന്നശേഷം നടക്കുന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടിയാണിത്.
മറുവശത്ത് നിയമസഭയിലെ കണക്കുകളല്ല പാർലമെന്റിലേത് എന്ന ഉറച്ച വിശ്വാസമാണ് യു.ഡി.എഫിന്. ഇക്കുറിയും വിജയം ആവർത്തിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമുണ്ട് ഡീൻ കുര്യാക്കോസ് ക്യാമ്പിന്. മൂന്നാർ മേഖലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടും സർക്കാർ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്ന ആരോപണവുമായി ഡീൻ കുര്യാക്കോസ് മൂന്നാറിൽ നിരാഹാര സമരം നടത്തിയാണ് മൂന്നാമങ്കത്തിന് കച്ച മുറുക്കിയത്.
കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ബി.ഡി.ജെ.എസിനു തന്നെയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സീറ്റ് നൽകിയിരിക്കുന്നത്. മൂന്നാംസ്ഥാനത്തായ ബി.ഡി.ജെ.എസിന്റെ ബിജു കൃഷ്ണൻ കഴിഞ്ഞ തവണ 78,648 വോട്ടുകൾ നേടിയിരുന്നു.
നിയോജക മണ്ഡലം പുരുഷന്മാർ സ്ത്രീകൾ
മൂവാറ്റുപുഴ 90,566 92,583
കോതമംഗലം 83,465 85,446
ദേവികുളം 81,973 84,905
ഉടുമ്പൻചോല 82,887 85,232
തൊടുപുഴ 92,897 94,850
ഇടുക്കി 90,283 93,254
പീരുമേട് 85,629 89,404
ആകെ 6,07,700 6,25,674
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.