ജെ.ഡി.എസ് പാർലമെന്‍ററി ബോർഡ്: മത്സരം ഉറപ്പായി
text_fieldsകോഴിക്കോട്: സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷമുള്ള ജനതാദൾ -എസിന്‍റെ (ജെ.ഡി.എസ്) ആദ്യ സംസ്ഥാന കമ്മിറ്റി യോഗം വെള്ളിയാഴ്ച തൃശൂരിൽ ചേരും.
പാർട്ടിയുടെ പാർലമെന്‍ററി ബോർഡ് രൂപവത്കരണവും ലോക് താന്ത്രിക് ജനതാദളിന്‍റെ (എൽ.ജെ.ഡി) ലയനവുമാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട. പാർലമെന്‍ററി ബോർഡ് ചെയർമാൻ പദവിക്കായി പാർട്ടിയിലെ ഇരുവിഭാഗവും അണിയറയിൽ നീക്കം ശക്തമാക്കിയതിനാൽ മത്സരം ഉറപ്പായിട്ടുണ്ട്. ആലപ്പുഴ ജില്ല പ്രസിഡന്‍റ് കെ.എസ്. പ്രദീപ്കുമാറും നേരത്തെ അങ്കമാലി നിയോജക മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന ബെന്നി മൂഞ്ഞോലിയുമാണ് മത്സര രംഗത്തുള്ളത്.
ചെയർമാനെയും 11 അംഗങ്ങളെയുമാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ 72 പേർ ചേർന്ന് തെരഞ്ഞെടുക്കുക. സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി ജനറൽ, പാർലമെന്‍ററി പാർട്ടി ലീഡർ എന്നിവർ പാർലമെന്‍ററി പാർട്ടി ബോർഡിൽ എക്സ് ഒഫിഷ്യോ അംഗങ്ങളാവും.
എൽ.ജെ.ഡിയുടെ ലയനത്തിൽ ഇരുപാർട്ടികളുടെയും സംസ്ഥാന പ്രസിഡന്‍റുമാരായ മാത്യു ടി. തോമസ് എം.എൽ.എയും എം.വി. ശ്രേയാംസ് കുമാറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലെ കാര്യങ്ങൾ യോഗം ചർച്ചചെയ്യും. രണ്ടാം ടേമിൽ കെ.പി. മോഹനന് മന്ത്രിസ്ഥാനവും ജില്ല പ്രസിഡന്‍റ് പദവികളുമുൾപ്പെടെയാണ് എൽ.ജെ.ഡി ആവശ്യപ്പെട്ടത്. എന്നാൽ, സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കി അടുത്തിടെ പ്രഖ്യാപിച്ച ജില്ല പ്രസിഡന്‍റുമാരെ പിൻവലിച്ച് പദവികൾ കൈമാറാനാവില്ലെന്ന നിലപാടാണ് ജെ.ഡി.എസ് സ്വീകരിച്ചത്. സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് ഒഴികെ ജില്ല കമ്മിറ്റിയിലെ മറ്റു ഭാരവാഹിത്വങ്ങൾ ഉൾപ്പെടെ നൽകാനാണ് ജെ.ഡി.എസ് ആലോചിക്കുന്നത്.
എൽ.ജെ.ഡിയുമായുള്ള തുടർ ചർച്ചക്ക് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസും പാർലമെന്‍ററി പാർട്ടി ലീഡർ കൂടിയായ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമടക്കം ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കുമെന്നാണ് സൂചന. എൽ.ജെ.ഡിയുടെ ഏഴംഗ സമിതിയാണ് ലയനചർച്ചക്ക് നേതൃത്വം നൽകുന്നത്. ഇരുപാർട്ടികളും തമ്മിലുള്ള അടുത്ത ലയന ചർച്ച മേയ് 12ന് എറണാകുളത്ത് ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.