മത്സരം 241ലേക്ക്; രാജ്യസഭ സീറ്റിലേക്ക് പത്രിക നൽകി ഡോ. പത്മരാജൻ
text_fieldsപയ്യന്നൂർ: കേരളത്തിൽ ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്കും പത്രിക നൽകി ഡോ. കെ. പത്മരാജൻ. 241ാമത്തെ പത്രികയാണ് വ്യാഴാഴ്ച നിയമസഭ സെക്രട്ടറി മുമ്പാകെ നൽകിയത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ധർമപുരി പാർലമെന്റ് മണ്ഡലത്തിലും തൃശൂരിൽ സുരേഷ് ഗോപിക്കെതിരെയും മത്സരിച്ചു തോറ്റതിന് പിന്നാലെയാണ് തിരുവനന്തപുരത്തെത്തി രാജ്യസഭയിലേക്ക് പത്രിക നൽകിയത്. ജനപ്രതിനിധികളുടെ പിന്തുണയില്ലാത്തതിനാൽ പ്രഥമ പരിശോധനയിൽ തന്നെ പത്രിക തള്ളും. എന്നാൽ, കരിയറിൽ ഒരു തെരഞ്ഞെടുപ്പു കൂടി എന്ന റെക്കോഡ് എഴുതി ചേർക്കാനാണ് പത്രികയെന്ന് പത്മരാജൻ പറയുന്നു.
2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞ് വയനാട്ടിൽ പത്രിക നൽകിയിരുന്നു. എതിരാളികളുടെ പട്ടികയിലെ വൈവിധ്യത്തിനാണ് ഈ വർഷം വയനാട് ഒഴിവാക്കി തൃശൂർ തെരഞ്ഞെടുത്തതെന്നും ഡോ. പത്മരാജൻ പറഞ്ഞു. കണ്ണൂർ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലത്ത് വേരുള്ള പത്മരാജൻ ജനിച്ചതും വളർന്നതും തിമിഴ്നാട് സേലം മേട്ടൂരിലാണ്.
വെറുതെ രസത്തിനു വേണ്ടി സ്വതന്ത്രനായി മത്സരം തുടങ്ങിയത് 1981ൽ. എന്നാൽ, പിന്നീട് അത് നിർത്തിയില്ല. അവിടെ തുടങ്ങിയ മത്സര ജ്വരം ഇപ്പോൾ എത്തിയത് 241 പത്രികകളിൽ. അസംബ്ലിയോ, പാർലമെന്റോ മാത്രമല്ല തട്ടകം. മേട്ടൂരിലെ പഞ്ചായത്ത് വാർഡു മുതൽ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പുവരെ നീളുന്നു മത്സരം.
വീട്ടുകാർ ആദ്യം എതിർത്തിരുന്നതായി പത്മരാജൻ പറഞ്ഞു. എന്നാൽ, പിന്നീട് അവരും അനുകൂലമായി. ഇന്ന് ഇന്റർനെറ്റിൽ ഇലക്ഷൻ കിങ് എന്നടിച്ചാൽ ഡോ. പത്മരാജന്റെ റെക്കോഡുകൾ കാണാം. മേട്ടൂരിൽ ഹോമിയോ പ്രാക്ടീഷണറാണ് ഇദ്ദേഹം. ഒപ്പം ടയർ റിപ്പയറിങ് കടയും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.