'ലാപ്ടോപ് തിരികെവേണം'; ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിയെ കണ്ടു
text_fieldsകോട്ടയം: കോൺഗ്രസ് നേതാക്കളുടെ കൈവശമുള്ള തന്‍റെ ലാപ്ടോപ് തിരികെവേണമെന്ന്, മുൻമന്ത്രി ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണമുയർത്തിയ യുവതി. ഇക്കാര്യം ആവശ്യപ്പെട്ട് ഞായറാഴ്ച ഇവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലെത്തി. ഉമ്മൻ ചാണ്ടിയോട് നേരിട്ട് സംസാരിച്ചതായും ബെന്നി ബഹനാനോടുകൂടി ആലോചിച്ചശേഷം ലാപ്ടോപ് നൽകാമെന്ന് അദ്ദേഹം അറിയിച്ചതായും യുവതി പറഞ്ഞു.
ജോസ് തെറ്റയിലിനെതിരെ ആരോപണമുയർന്ന സമയത്താണ് പർപ്പിൾ നിറത്തിലുള്ള തന്‍റെ ലാപ്ടോപ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ബെന്നി ബഹനാന്‍റെ വീട്ടിൽവെച്ച് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്ടോപ്പിലാണ്. പരാതി നൽകാനെന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ലാപ്ടോപ്പിലെ തെളിവുകൾ ഇവർ മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിനുശേഷം പലതവണ ലാപ്ടോപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണുണ്ടായത്. സംസാരിച്ചപ്പോൾ ലാപ്ടോപ് കോയമ്പത്തൂരിലാണെന്നും കിട്ടാൻ താമസമെടുക്കുമെന്നുമാണ് പറഞ്ഞത്.
തന്‍റെ സ്ഥലത്തിന്‍റേതടക്കം കുറച്ച് രേഖകൾ ലാപ്ടോപ്പിലാണ്. പത്തുകോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ട്. ആ ഇടപാടിനുവേണ്ടിയാണ് ലാപ്ടോപ് ആവശ്യപ്പെട്ടത്. ലാപ്ടോപ് കിട്ടിയേ മടങ്ങൂ എന്നുപറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ അൽപനേരം ഇരുന്നെങ്കിലും പൊലീസെത്തി പറഞ്ഞുവിടുകയായിരുന്നുവെന്നും അങ്കമാലി സ്വദേശിനിയായ പരാതിക്കാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.