ലൈൻമാൻമാർക്കെതിരെ പരാതിയുമായി ഗൃഹനാഥൻ; കേസെടുത്ത് പൊലീസ്
text_fieldsവർക്കല: കെടാകുളം കെ.എസ്.ഇ. ബി ഓഫീസിലെ ജീവനക്കാർക്ക് എതിരെ ഗുരുതര വീഴ്ച ആരോപിച്ച് ഗൃഹനാഥൻ അയിരൂർ പൊലീസിൽ പരാതി നൽകി. വീട്ടിലെ ഇലക്ട്രിക് മീറ്റർ തീ പിടിച്ചതിനെ തുടർന്ന് പരിശോധിക്കാനെത്തിയ ലൈൻമാന്മാർക്ക് എതിരെയാണ് അയിരൂർ സ്വദേശി പറമ്പിൽ രാജീവ് പരാതി നൽകിയത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ രാജീവിന്റെ വീട്ടിലെ ഇലക്ട്രിക് മീറ്ററിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് കെടാകുളം ഇലക്ട്രിക്സിറ്റി ഓഫീസിൽ വിളിച്ചു വിവരം പറഞ്ഞെങ്കിലും ആരും എത്തിയില്ലത്രെ.
ഇലക്ട്രിക്സിറ്റി ഓഫീസിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥൻ ഫയർ ഫോഴ്സിനെ വിളിക്കാനാണ് പറഞ്ഞതത്രെ. വീണ്ടും അരമണിക്കൂർ കഴിഞ്ഞ് രണ്ട് ലൈൻമാന്മാർ എത്തിയതും തീ അണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും. എന്നാൽ എത്തിയ ജീവനക്കാർ മദ്യലഹരിയിൽ ആയിരുന്നുവെന്നും ഇവർ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കയോ കാട്ടി കൂട്ടുകയായിരുന്നു എന്നും രാജീവ് പറയുന്നു.
വൈദ്യുതി കണക്ഷൻ വിച്ചേധിച്ച ശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാൻ ആവശ്യപ്പെട്ട രാജീവിനെ ഇവർ അസഭ്യം വിളിച്ചതായി പരാതിയിൽ പറയുന്നു. ജീവനക്കാർ മദ്യലഹരിയിൽ ആണെന്ന് മനസിലാക്കിയ രാജീവ് അയിരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻഅപകടം ഒഴിവായതെന്നും രാജീവ് പറഞ്ഞു. മദ്യപിച്ചെത്തിയെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
രാജീവിന്റെ പരാതിയിന്മേൽ അയിരൂർ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ ഉള്ളവരെ ബന്ധപ്പെട്ടിട്ടും കഴിഞ്ഞദിവസം വൈകിയും വീട്ടിൽ കണക്ഷൻ പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ജീവനക്കാർക്ക് എതിരെ പോലീസിൽ പരാതി നല്കിയതാണ് കണക്ഷൻ പുനസ്ഥാപിക്കാൻ തയ്യാറാകാത്തിന് കാരണമെന്നും രാജീവ് ആരോപിക്കുന്നു. മക്കളും ചെറുമകളും ഭാര്യയും ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുബം ഇരുട്ടിലാണ്. രണ്ട് വർഷം മുൻപ് ഇതേ സാഹചര്യത്തിലാണ് തീ പിടിത്തത്തെ തുടർന്ന് വർക്കലയിൽ ഒരു കുടുംബത്തിലെ 5 പേർ വീടിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.